ആദ്യം കരുതും പോലെയല്ലാത്ത ചില കാര്യങ്ങൾ
Author Rajesh Chithira
Calendar 14 March 2024

 മുഗൾ ചക്രവർത്തി ജഹാംഗീർ  ആദ്യമായി  കാശ്മീരിൽ കുത്തിയപ്പോൾ ആദ്യം പറഞ്ഞത് ഇപ്രകാരമത്രെ –


"ഭൂമിയിലെ ഏതിടത്തെയാണോ  സ്വർഗ്ഗമെന്ന് പുരോഹിതന്മാരാൽ പ്രവചിക്കപ്പെട്ടതും, കവിശ്രേഷ്ഠന്മാരാൽ  വർണ്ണിക്കപ്പെട്ടതും, ആ ഇടമാണ് ഈ ഭൂമി. ഭൂപ്രകൃതിയുടെ മനോഹാരിതകൊണ്ട്  ഭൂമിയിലെ സ്വർഗം തന്നെയാണ് നീ -  കാശ്മീർ”.

*
കാശ്മീരി കവി റാഫിഖ് റാസിന്റെ ഗസലുകളിൽ ഒന്നിലാണ് ബ്രെമിജി (Nettle Tree) മരത്തെ പറ്റി വായിച്ചത്.

കാശ്മീരിലെ അശാന്തിയുടെ നാളുകളിൽ എഴുതപ്പെട്ട ആ ഗസലിൽ കവി പറയുന്നത്,
ഒരു ഇരുണ്ട രാത്രിയിൽ അകലെയെവിടെയോ, ആ ബ്രെമിജി വൃക്ഷമിപ്പോൾ മിണ്ടിത്തുടങ്ങുന്നുവെന്നും അപ്പോഴവിടെ മൃതദേഹങ്ങളും ഉണർന്നു നൃത്തം വയ്ക്കുന്നുവെന്നുമാണ്. കവി ഈശ്വരോട് തന്റെ നാട്ടുകാരെ ഉണർത്താനും സ്വയം കണ്ടെത്താൻ ഞങ്ങളെ സഹായിക്കൂ എന്നും പ്രാർത്ഥിക്കുന്നു. ഇപ്പോൾ  ഏറെ ഇരുണ്ടുപോയ തങ്ങളുടെ വഴികളിൽ പ്രകാശം ചൊരിയണമെന്നും കവി അപേക്ഷിക്കുന്നു.

കൂടെ വന്നയാളോട് ഈ മരത്തെ പറ്റി ചോദിച്ചു. അയാൾ പറഞ്ഞു - ഈ മരങ്ങൾ കാണാറുള്ളത് സൂഫിവര്യന്മാരുടെ ശവകുടീരങ്ങളിലും മുസ്ലിം ശ്മശാനങ്ങളിലുമാണ്. നഗരങ്ങളിൽ നിന്നും ഈ ചെടി അപ്രത്യക്ഷമായിരിക്കുന്നു. ഗ്രാമങ്ങളിൽ ഒരുപക്ഷെ കണ്ടേക്കാം. ചെറിയുടെ ഫലത്തെക്കാൾ ചെറിയ പഴങ്ങൾ. പലതരം യൂനാനി മരുന്നുകൾക്ക് ഉപയോഗിക്കുന്ന ഒന്നായിരുന്നു ഈ ചെടി. മറ്റു മരങ്ങളെ അപേക്ഷിച്ചു സാവധാനം വളരുന്ന ഈ ഈ ചെടി പടർന്നു വളരുന്നതിനാൽ അതിന്റെ തണൽ  മരിച്ച മനുഷ്യർക്ക് തണുപ്പ്  നൽകുന്നു എന്നാണ് സങ്കല്പം. അതിന്റെ ചുവട്ടിൽ ധ്യാനത്തിലിരുന്നിരുന്നു സൂഫിമാർ. അതിനാലാവണം സൂഫിവര്യന്മാരും സയ്യിദുമാരും ഈ ചെടി നട്ടിരുന്നത്.

റാഫിഖ്  റാസിന്റെ ഗസൽ കാശ്മീരിന്റെ ജീവിതത്തിൽ മരങ്ങളുടെ സ്വാധീനത്തിന്റെ ഒരു ഉദാഹരണമായി കരുതാവുന്നതാണ്.

ഒരു ഇടക്കാലത്തിനു ശേഷം കാശ്മീരിലെ ഷോപ്പിയാൻ  പോലെയുള്ള പ്രദേശങ്ങളിൽ നിന്നും കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ സംബന്ധിച്ച വാർത്തകൾ പല മാധ്യമങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. കാശ്മീരിന്റെ സംസ്ഥാന പദവി നഷ്ടമായതിനു ശേഷമായിരുന്നു അത്. സ്വാഭാവികമെന്നോണം ഗവണ്മെന്റ് ഏജൻസികൾ ആ വാർത്ത നിഷേധിച്ചിരുന്നു താനും. ഈ വാർത്തകൾ വീണ്ടും റാഫിഖ്  റാസിന്റെ ഗസലിന്റെ പറ്റിയുള്ള ഓർമ്മകളുണ്ടാക്കി .

*
മരങ്ങളെ, പച്ചപ്പിനെ ഇഷ്ടപ്പെടുന്നവർക്ക്  ദൃശ്യ വിരുന്നിനുള്ള സാധ്യതയുണ്ട് കാശ്മീർ താഴ്വരയിൽ.  
ലക്കൂത്ത് ദാൽ തടാകത്തിലാണ് നാല് മൂലകളിലും ഓരോ വലിയ ചിനാർ മരങ്ങളുള്ള ചാർ ചിനാർ  എന്ന ചെറിയ  ദ്വീപ് സ്ഥിതിചെയ്യുന്നത്. കാശ്മീരിന്റെ, കാശ്മീരികളുടെ ജീവിതത്തിൽ ചിനാർ മരങ്ങൾക്ക്  സാരമായ പങ്കുണ്ട്.

ആലങ്കാരികമായി കാശ്മീരിന്റെ കല്പവൃക്ഷമെന്നു പറയാവുന്ന, രാജകീയ മരം എന്ന് ഒരു കാലത്ത് ഭരണാധികാരികളാൽ വിളിക്കപ്പെട്ട, ദീർഘായുസ്സികളായ ചിനാർ മരങ്ങളുടെ ഇലകളും തൊലിയും മരുന്നിനും തടി വിവിധോപയോഗങ്ങൾക്കുള്ള മരസാമഗ്രികളും വേരുകൾ ചായങ്ങളുടെ നിർമ്മാണത്തിനും ഉപയോഗിക്കുന്നു. ചാർ ചിനാർ ദ്വീപിലെ മൂന്നു ചിനാർ മരങ്ങൾ വെള്ളപ്പൊക്കവും കാലാവസ്ഥാ വ്യതിയാനവും മനുഷ്യ നിർമ്മിതികളാലും നാശോന്മുഖമാണ്.  

ഗ്രെറ്റർ കാശ്മീർ എന്ന കാശ്മീർ സ്മാർട്ട് സിറ്റി പ്രൊജക്റ്റ് ഇഴഞ്ഞു നീങ്ങുന്നതിനെ പറ്റി ആളുകൾ പരാതിപ്പെടുന്നുണ്ടായിരുന്നു.

*
ദാൽ താടകത്തിന്റെ കരകളിൽ താമസിക്കുന്ന മനുഷ്യർ അവരുടെ വീടിനോടു ചേർന്നുള്ള ഹൌസ് ബോട്ടുകൾ നിർമ്മിച്ചിരിക്കുന്നത് ദേവദാരു മരത്തിന്റെ തടികൊണ്ടാണ്.

ശിക്കാര തുഴയുന്നതിനിടയിൽ അലി പറഞ്ഞു –
ഇപ്പോൾ ദേവദാരു മരങ്ങൾക്ക് നല്ല വിലയാണ്. ലക്ഷങ്ങൾ വേണം ഒരു ഹൌസ് ബോട്ടുണ്ടാക്കാനുള്ള തടിക്ക്. അയാൾക്ക് അതിനോട് ചേർന്നുള്ള രാഷ്ട്രീയം കൂടി പറയാനുണ്ട് . തടിയ്ക്ക് വില കൂടാനുള്ള കാരണങ്ങളെ പറ്റിയും മറ്റും ചിലത് അയാൾ പറഞ്ഞുകൊണ്ടിരുന്നു. വിഭജന പൂർവകാലത്ത് ജമ്മു വനങ്ങളിൽ നിന്നും പാക്കിസ്ഥാനിലേക്ക് ദേവദാരു മരങ്ങൾ കൊണ്ടുപോയിരുന്നത് ചിനാബ് നദിയിലൂടെയായിരുന്നുവത്രേ. ശിവഭക്തരായിരുന്ന സന്യാസിമാർ താമസിച്ചിരുന്നത് ദേവദാരു വനങ്ങളിലായിരുന്നു എന്നാണ് ഹിന്ദുക്കൾ വിശ്വസിക്കുന്നത്.

അയാൾ സംസാരിക്കുന്നതിനിടയ്ക്ക് ഞാൻ തലേന്ന് രാത്രി താമസിച്ച സ്ഥലത്തെ പറ്റിയോർത്തു. കേരളത്തിൽ ഉള്ളത് പോലെ ചലിക്കുന്നവയല്ല ദാൽ തടാകത്തിലെ  ഹൌസ് ബോട്ടുകൾ. അവ തടാകത്തിന്റെ കരയിൽ ഉറപ്പിച്ച്‌ നിർത്തപ്പെട്ടവയാണ്. പല നിലവാരത്തിലുള്ള ഹൌസ് ബോട്ടുകൾ കാണാനാവും - അതിന്റെ ഉടമയുടെ സാമ്പത്തിക സ്ഥിതി വെളിവാകുന്ന ഓരോ ബോട്ടുകളും ഒന്നോ രണ്ടോ ദിവസത്തേക്ക് താമസത്തിനെത്തുന്ന സന്ദർശകന് വേറിട്ട ഒരു അനുഭവം സമ്മാനിക്കുന്നു.

ഇനി ഒരു യാത്ര ഉണ്ടാവുമ്പോൾ വ്യക്തിപരമായി ഏറ്റവും സാമ്പത്തിക നില കുറഞ്ഞ ഒരാളിന്റെ വീടിനോടു ചേർന്ന ഹൌസ് ബോട്ട് തിരഞ്ഞെടുക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. അതിലൂടെ അവരുടെ അതിസാധാരണമായ ജീവിതത്തെ, അവർക്കു ചുറ്റുമുള്ള മനുഷ്യരെ അടുത്തറിയാൻ ഒരു വഴി കാണാനാവുന്നു.

വീട്ടിലെ ദയനീയമായ സാമ്പത്തിക നില കാരണം അവൻ സ്‌കൂൾ ഉപേക്ഷിച്ച് (അവന്റെ വാക്കുകളിൽ അത് ഒഴിവു കാലമാണ്) സഹൂറിന്റെ ഈ ഹൌസ് ബോട്ടിൽ ജോലി ചെയ്യുന്ന ഫറാസ് എന്ന കൗമാരക്കാരനെ ഞാനവിടെയാണ് കണ്ടതാണ്. രണ്ടു നേരത്തെ ഭക്ഷണം അവന്റെ തിരഞ്ഞെടുപ്പായിരുന്നു. സഹൂറിന്റെ അച്ഛൻ ഒരു വശം തളർന്നു പോയപ്പോൾ ഈ ഹൌസ് ബോട്ട് നോക്കി നടത്തി കുടുംബം സംരക്ഷിക്കുന്ന ഉത്തരവാദിത്തം സഹൂർ ഏറ്റെടുത്താണ്. ഒരു പാവപ്പെട്ട മനുഷ്യപ്പറ്റുള്ള കുടുംബം. നല്ല രുചികരമായ ഭക്ഷണം പങ്കുവച്ചു അവർ.

*
ഏത് സമയത്താണ് കാശ്മീരിൽ വരേണ്ടത് എന്നൊരു കാശ്മീരിയോട് ചോദിക്കൂ, അയാൾ പറയും
- എല്ലാ ഋതുക്കളിലും നിങ്ങൾക്ക് കാശ്മീർ പുതിയതായി അനുഭവപ്പെടും. മഞ്ഞുകാലത്ത് മഞ്ഞിന്റെ ഭംഗി, വേനലിൽ നദികൾ, അരുവികൾ, വസന്തത്തിലത് പൂക്കളുടെ ഭംഗി. നിങ്ങൾ ഇപ്പോൾ ഏപ്രിലിൽ അല്ലെ ഇവിടെ, മഞ്ഞും കാണാം, മഞ്ഞു മാറിത്തുടങ്ങിയ ഇടങ്ങളും കാണാം.

മെയ്-ജൂൺ ആയാൽ നിങ്ങൾക്ക് ലേ-ലഡാക്കിലേക്കും പോവാം. ഒക്ടോബർ-നവംബറിൽ നിങ്ങൾക്ക് പാംപോറിലേക്ക് പോവാം, അതാണ് സാഫ്രോൺ സിറ്റി (കുങ്കുമപ്പൂവിന്റെ നാട്) - നിങ്ങൾക്കപ്പോൾ കുങ്കുമപ്പൂവ് വിരിഞ്ഞ പാടങ്ങൾ കാണാം. മാർച്ച് - ഏപ്രിൽ മാസത്തിൽ വന്ന പൂത്ത ചെറിമരങ്ങൾ കാണാം - ഇപ്പോഴും നിങ്ങൾക്ക് ഭാഗ്യമുണ്ടെങ്കിൽ കുറച്ചു കാണാം. ഏപ്രിൽ ആണ്  തുലിപ് പൂക്കളുടെ കാലം. ആപ്പിൾ മരങ്ങൾ പൂക്കുന്നതും ഏപ്രിലിൽ തന്നെ. ജമന്തി പൂക്കളുമുണ്ട് ഈ സീസണിൽ. പൂത്തു നിൽക്കുന്ന കടുകുപാടങ്ങളും വേറിട്ട കാഴ്ച തന്നെ..

ജൂൺ മുതൽ ആഗസ്ത് വരെ ആണ് ഞങ്ങളുടെ വേനൽ - നഗീൻ തടാകത്തിലൂടെ പൂക്കൾ അഥവാ സഞ്ചരിക്കുന്ന പൂന്തോട്ടങ്ങളുടെ കാലം. ഇതിനിടയിൽ ആപ്പിൾ പഴങ്ങൾ, ഫിഗ്, മൾബറി, വാൾനട്ട്, ഹെസിൽ  നട്ട്, തുടങ്ങി എന്തെല്ലാം കാഴ്ചകൾ. അയാൾ പറഞ്ഞു തുടങ്ങി.

ശരിയാണ് - ഇന്ദിരാ ഗാന്ധി മെമ്മോറിയൽ ടുലിപ് ഗാർഡനിലാണ് തുലിപ് (Liliaceae) ഫെസ്റ്റിവൽ നടക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഈ ഉദ്യാനം 74 ഏക്കർ പരന്നു കിടക്കുന്നു. പതിനഞ്ചു ലക്ഷത്തോളം വിവിധ നിറത്തിലും തരത്തിലുള്ള (65-ൽ പരം ഇനങ്ങൾ) തുലിപ് പൂക്കൾ കൊണ്ടാണ് ആ വിസ്മയക്കാഴ്‌ചയൊരുക്കിയിരിക്കുന്നത്. തുലിപ് പൂക്കൾക്കൊപ്പം വിവിധയിനം ഹൈസിന്ത് (കുലവാഴയിനം), ഡാഫോഡിൽ തുടങ്ങിയ ഇനങ്ങളും ഉണ്ട്. ഇടയിലായി ആപ്പിൾ, ഓറഞ്ച്, മരങ്ങളും.

കാശ്മീരിന്റെ സസ്യവൈവിധ്യത്തിലേക്ക് ഏറ്റവും അവസാനമായി കടന്നു വന്നയാളാണ് കടുക്. കഴിഞ്ഞ ചില വർഷങ്ങളായി കടുക് കൃഷിയിൽ ഗണ്യമായ കുതിച്ചുചാട്ടമാണ് കാശ്മീർ നടത്തിയത്. അതിന്റെ തെളിവ് ആകാശമാർഗം സഞ്ചരിക്കുന്ന ഒരാൾക്ക് കാശ്മീരിൽ കാലുകുത്തുന്നതിനു മുൻപ് തന്നെ ദൃശ്യമാണ്. കിലോമീറ്ററുകളോളം  മഞ്ഞ നിറത്തിൽ പരന്നു കിടക്കുന്ന പാടങ്ങൾ ഒരു വേറിട്ട ആകാശക്കാഴ്ചയാണ്.

ഷാലിമാർ ബാഗിന്റെ പിന്നിലുള്ള മൈതാനത്ത് നിറയെ പൂത്തു നിൽക്കുന്ന നിലം തൊട്ടു വളരുന്ന ചെടി. അതിന്റെ പൂക്കളിൽ മനുഷ്യർ ഒരു മെത്തയിൽ എന്നപോലെ കിടക്കുന്ന ദൃശ്യം പലരുടെയും മൊബൈലിൽ ചിത്രങ്ങളായിക്കഴിഞ്ഞിട്ടുണ്ട്.

*

ഏതൊരു മനുഷ്യനെയും കാശ്മീർ ഒരു വട്ടമെങ്കിലും സന്ദർശിക്കാൻ കൊതിപ്പിക്കുന്ന തരത്തിലുള്ളതാണ് ദാൽ തടാകത്തിലെ ശിക്കാരകളുടെ ചിത്രങ്ങൾ. പൂവിരിച്ച  വള്ളങ്ങളിൽ ഇരുന്ന് സന്ദർശകർ തങ്ങളുടെ പ്രിയപ്പെട്ട നിമിഷങ്ങളെ ഓർമ്മയുടെ ചെപ്പിൽ ചേർത്തടച്ചു വയ്ക്കുന്നു. പകൽ മുഴുവനും ശിക്കാരകൾ തടാകത്തിലുണ്ടാവും. വിധു വിനോദ് ചോപ്രയുടെ സിനിമ - ശിക്കാര - കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ പറയുന്ന ചിത്രമാണ്. അതിലെ മുഖ്യ കഥാപാത്രങ്ങളുടെ വീടിന്റെ പേരാണ് ശിക്കാര.

രാത്രി നടക്കുന്ന ദീപവിതാനക്കാഴ്ച കഴിഞ്ഞാണ്  വള്ളങ്ങളുടെ തിരക്കൊഴിയുക. രാവിലെയുള്ള കാഴ്ച കണ്ണിൽ നിന്നും മറയില്ല. അപ്പോഴാണ് വള്ളങ്ങളിൽ തങ്ങളുടെ ഫ്ലാസ്കിൽ തിളപ്പിച്ച കാശ്മീർ കാവയുമായി സന്ദർശകരെ തേടി കാപ്പിക്കച്ചവടക്കാർ എത്തുന്നത്. വലിയ വില തോന്നുമെങ്കിലും (30 -40 രൂപ) ഒരു മാറ്റത്തിന് ഒരു ജലപ്പരപ്പിലിരുന്നു മറ്റൊരു നാടിന്റെ രുചി നുകരാനുള്ള അവസരം കൊണ്ട് നിങ്ങളത് വാങ്ങിയേക്കും. അതിലേക്ക് താൻ ചെറിയ കഷ്ണങ്ങളായി മുറിച്ച ബദാം പരിപ്പ് ചേർത്ത ആ ചൂട് വെള്ളം കുടിക്കുമ്പോൾ ബദാമിന് എങ്ങനെയും കഴിക്കാനുള്ള ഒരു രീതി ഉണ്ടെന്നു നിങ്ങൾ തിരിച്ചറിയുക കൂടിയാണല്ലോ. കായൽ ജലപ്പരപ്പിലൂടെ പോവുന്ന വഴിയിൽ വശങ്ങളിൽ കടകൾ കാണാം. കാശ്മീരി ഷാൾ, വിവിധയിനം വസ്ത്രങ്ങൾ, സുവനീറുകൾ ഒക്കെ വിൽക്കുന്ന സ്ഥലങ്ങൾ. ചെറിയ കടകൾ നിറയെ സാധനങ്ങൾ. അവരിൽ പലരുടെയും ബന്ധുക്കൾ കേരളത്തിലെ വർക്കലയിലും മൂന്നാറിലും ഒക്കെ തണുപ്പ് കാലങ്ങളിൽ കമ്പിളി വസ്ത്രങ്ങളുമായി വരാറുണ്ടത്രെ. ഇളംവെയിൽ കായൽപ്പരപ്പിൽ തന്റെ സുവർണ്ണപ്രഭ പടർത്തുന്ന പുലർകാലം ഒരു ദൃശ്യവിസ്മയമാണ്.

ഇൻസ്റ്റഗ്രാമിൽ ഒക്കെ സജീവമായുള്ള ഒരു കാശ്മീരി ചങ്ങാതിയുടെ ഉടമസ്ഥതയിൽ ഉള്ള സുഗന്ധ ദ്രവ്യങ്ങളുടെ കടയിൽ ചെന്നപ്പോഴാണ് കാശ്മീരി കാവ ഉണ്ടാക്കുന്ന രീതി മനസിലായത്. ആ കട സുഗന്ധ ദ്രവ്യങ്ങൾക്ക് ഏറെ പേര് കേട്ടതാണ്. അവരുടെ കുടുംബ ബിസിനസാണത്. കുങ്കുമം, ഡ്രൈഫ്രൂട്സ് തുടങ്ങി കാശ്മീരിൽ ലഭ്യമായ എല്ലാ വസ്തുക്കളും അവിടെ ലഭിക്കും. നോയമ്പ് കാലമായതിൽ വിശ്വാസികൾക്ക് നോയമ്പ് മുറിക്കാൻ വേണ്ടി ഒരു സമോവറിൽ (കാവ നിർമ്മിക്കുന്ന പാത്രത്തിൽ) കാവയുടെ മിശ്രിതം ചേർത്ത ചൂട് വള്ളം വെച്ചിട്ടുണ്ട്. ചങ്ങാതി അതിന്റെ ഉൾവശം തുറന്നു കാണിച്ചു. ഒപ്പം ഇന്ത്യയുടെ വിവിധ ഭാഗത്തു നിന്നും  തന്നെ സന്ദർശിച്ച സുഹൃത്തുക്കളുടെ ചിത്രങ്ങളും.

*
ഹിന്ദുമതവിശ്വാസികൾ ഭൂരിപക്ഷമുണ്ടായിരുന്ന ഒരിടത്തേക്ക് പതിനാലാം നൂറ്റാണ്ടിൽ എത്തിയ ഷാമിരി സുൽത്താന്മാരുടെ വംശത്തോടെയാണ് ഇസ്‌ലാംമതം കാശ്മീരിലേക്ക് എത്തുന്നത്. പേർഷ്യയിൽ നിന്നും വന്ന ഷാമിരി വംശത്തോടെ പേർഷ്യൻ സംസ്കാരചിഹ്നങ്ങൾ കാശ്മീരിൽ ഉണ്ടാവുന്നു. ഇതിൽ ഉദ്യാനപരിപാലനവുമുണ്ട്. മുഗൾ വംശത്തിന്റെ വരവോടെ, പ്രത്യേകിച്ചും ജഹാംഗീർ ചക്രവർത്തിയുടെയും ഷാജഹാന്റെയും കാലത്ത് ജലലഭ്യതയുള്ള പ്രദേശങ്ങളിൽ കൂടുതൽ പുഷ്പോദ്യാനങ്ങൾ നിർമ്മിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും ചെയ്തു. 1620 ജഹാഗീർ ചക്രവർത്തിയാണ് ഷാലിമാർ ബാഗ് നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു. ഖുറാനിൽ പരാമർശിക്കുന്ന സ്വർഗ്ഗത്തിലെ നാല് ഉദ്യാനങ്ങളുടെ മാതൃകയിലാണ് ഇതിന്റെ നിർമ്മിതി. ഇവിടെ നിന്ന് നോക്കിയാൽ ദൂരെ കൃഷിയിടങ്ങളും ദാൽ തടാകത്തെ ബന്ധിപ്പിക്കുന്ന ഒരു തോടും പിന്നിൽ മലകളുടെ പശ്ചാത്തലവും കാണാവുന്ന തരത്തിലാണ് ഷാലിമാർ ബാഗിന്റെ സ്ഥാനം. ഇപ്പോൾ അവശേഷിക്കുന്നവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഉദ്യാനമാണ് ഷാലിമാർ ബാഗ്.

*
ഏതെങ്കിലും രാജ വംശത്തിന്റെയോ മതത്തിന്റെയോ അധിനിവേശം ഭാരതത്തിന്റെ (ലോകത്തിലെ ഏതു ഭാഗത്തിനും ബാധകമാണത്) സാമൂഹിക ജീവിതത്തെയോ ഭൂപ്രകൃതിയെയോ പൂർണ്ണമായും മാറ്റി മറിക്കാൻ പോന്ന ഒന്നല്ലെന്നും മറിച്ചുള്ള പ്രചാരണങ്ങൾ സാമൂഹിക വിഭജനം ലാക്കാക്കിയുള്ളതാണെന്നതിന്റെയും ഒരു തെളിവ് പോലെയാണ് കാശ്മീരിലെ ശങ്കരാചാര്യർ ക്ഷേത്രം. 243 പടികൾ കയറിയാൽ ക്ഷേത്രത്തിലെത്താം. സിറ്റിയുടെ ഉയരത്തിൽ നിന്നും 110 അടി മേലെയുള്ള ക്ഷേത്രം കയറാനും ഇറങ്ങാനും കൂടി 486 പടികൾ. പറ്റുമോ എന്നുള്ള സംശയത്തോടെ തുടങ്ങി മുകളിലെത്തി. അവിടെ നിന്നുള്ള കാഴ്ചയിൽ  കശ്മീരിന്റെ വലിയൊരു ഭാഗമുണ്ട്, അതിൽ ദാൽ തടാകവുമുണ്ട്.

ക്ഷേത്രത്തെ സംബന്ധിച്ച് പല കഥകളുണ്ട്. ഗോപാധാരി മല, സന്ധിമന-പർവതം,കോ-ഇ-സുലെമാൻ  എന്നിങ്ങനെ പല പേരുകളുള്ള ഈ ക്ഷേത്രത്തിന്റേത് ബുദ്ധമതവുമായി ബന്ധപ്പെട്ട നിർമ്മാണ രീതിയാണ്.
ഒരു ചരിത്രം പറയുന്നതിങ്ങനെയാണ് -  ഗോപാദിത്യ രാജാവ് കുന്നിനു മുകളിലുള്ള സ്ഥലം ആര്യദേശത്തു നിന്നും വന്ന  ബ്രാഹ്മണർക്ക് കൊടുത്തു. ഇപ്പോൾ ഗുപ്കർ എന്ന ഈ സ്ഥലത്തിന് ഗോപ അഗ്രഹാരങ്ങൾ എന്ന് പേരും വന്നു. രാജാവവിടെ ഒരു ക്ഷേത്രം പണിതു. ഗോപാദിത്യന്റെ കാലത്ത് ഒരു പ്രവാചകൻ വരികയും ഈ ക്ഷേത്രം പുതുക്കി പണിയുകയും ചെയ്തുവത്രേ. ഈ യൂസ് അസഫ് എന്ന പ്രവാചകൻ മറ്റാരുമായിരുന്നില്ല, ഒറ്റപ്പെട്ടു പോയ ജൂതന്മാരെ തിരഞ്ഞു വന്ന യേശു തന്നെയായിരുന്നുവെന്നും ആ കൂട്ടർ പറയുന്നു. മറ്റൊരു ചരിത്രം പറയുന്നത് - ഗൊണാണ്ടിയ വംശത്തിലെ അശോകചക്രവർത്തിയുടെ പുത്രൻ ജലോകനുമായി ബന്ധപ്പെട്ടാണ്

എന്നാൽ കാശ്മീരി പണ്ഡിറ്റുകൾ വിശ്വസിക്കുന്നത് CE എട്ടാം നൂറ്റാണ്ടിൽ ആദി ശങ്കരൻ ഈ ക്ഷേത്രത്തിൽ വന്നുവെന്നാണ്. ശിവ-ശക്തി സംഗമ വിശ്വാസം കാശ്മീരിൽ പരക്കുകയും ക്ഷേത്രം ആദി ശങ്കരന്റെ പേരിൽ അറിയപ്പെടുകയും ചെയ്തുവത്രേ. മറ്റൊരു കൂട്ടർ പറയുന്നത് ഈ കുന്ന് സുലൈമാൻ അതോ സോളമനോ എന്നൊരാൾ കീഴടക്കി എന്നാണ്. അത് ഇസ്‌ലാം മതത്തിന്റെ വരവിനും ഏറെ മുന്പാണത്രെ.
ശങ്കരാചാര്യരുടെ പ്രതിമ ഈ ക്ഷേത്രത്തിൽ സ്ഥാപിക്കപ്പെടുന്നത് 1961-ലാണ്. ക്ഷേത്രവുമായി ബന്ധപ്പെട്ട കഥകളൂം മിത്തുകളും എന്തുതന്നെയായാലും ഭൂഗർഭശാത്രപഠനങ്ങൾ പറയുന്നത് ഈ പാറ അഗ്നിപർവതവിസ്ഫോടനം മൂലം ഭൂമിക്കടിയിൽ നിന്നും പുറത്തുവന്ന മാഗ്മയിൽ നിന്നും സൃഷ്ടിക്കപ്പെട്ടതാവാം എന്നാണ്.

*

നാദിർ മൊഞ്ചി (Nadir monji ) എന്നാണ് താമരത്തണ്ട് എണ്ണയിൽ വറുത്തുണ്ടാക്കുന്ന വറവലിന്റെ കാശ്മീരി നാമധേയം. അത് തെരുവോരങ്ങളിൽ ലൈവായി കുക്ക് ചെയ്തു ചൂടപ്പം പോലെ വിറ്റഴിക്കപ്പെടുന്നത് കണ്ടാണ് വാങ്ങിയത്.  കാലം നൊയമ്പിന്റെതാണ്. സ്ഥലം മുസ്ലിം ഭൂരിപക്ഷമുള്ള കാശ്മീരാണ്. നിൽക്കുന്നത് ഹസ്‌റത്ത്ബൽ പള്ളിക്കു മുന്നിലാണ്. നൊയമ്പ് മുറിക്കാൻ ഇനിയും നേരമുണ്ട്. ഇത് ഞാൻ പിന്നീട് കഴിച്ചോളാം - ഡ്രൈവർ (വി.കെ.എൻ ഭാഷയിൽ ഡ്രൈവൻ) കം ഗൈഡ്  ഉമറിനോട് പറഞ്ഞു. നമ്മളായിട്ട് ആൾക്കാരുടെ വികാരം വ്രണപ്പെടരുത്.

എന്നാൽ ആദ്യം പള്ളി കാണാം. ഉള്ളിലേക്ക് അമുസ്ലിങ്ങൾക്ക് പ്രവേശനമില്ല. പ്രവേശനം അനുവദിച്ച ഇടം വരെ കയറി. അവിടെ സ്ത്രീകൾ കുറച്ചു പേര് ഇരിക്കുന്നു. ഞങ്ങൾ അവർക്കടുത്ത് കുറച്ചു നേരം ഇരുന്നു, മടങ്ങി. തിരിച്ച് ഇറങ്ങുമ്പോൾ ഉമർ പറഞ്ഞു. നിങ്ങൾ ആ തടാകത്തിന് അഭിമുഖമായുള്ള ബെഞ്ചിലിരുന്ന് ആ വിശിഷ്ടഭോജ്യം കഴിക്കൂ.

തടസം പറയാൻ നോക്കി പക്ഷെ ഉമർ വിടുന്നില്ല - ഞാൻ പറഞ്ഞിട്ടാണ്, കഴിക്കൂ. എന്ത് വന്നാലും ഞാൻ നോക്കിക്കോളാം. കഴിച്ചു തുടങ്ങി. വാടിപ്പോകലിന്റെ പര്യായമായ താമരത്തണ്ടല്ല, എണ്ണയിൽ കുളിച്ചു കയറിയ നാദിർ മൊഞ്ചി. നല്ല ടെയ്സ്റ്റ്ണ്ട് .

നൊയമ്പുകാലമായിട്ടും കടകൾ എല്ലാം തുറന്നു തന്നെ. ഭക്ഷണശാലകളും അങ്ങനെതന്നെ. ടൂർ സഹായിയും ചങ്ങാതിയുമായ സിൽസില നേരത്തെ അത് പറഞ്ഞിരുന്നു. പിറ്റേന്ന് ഡ്രൈവൻ ഉമറിനെ ശട്ടം കെട്ടി - ഇന്ന് ഉച്ചക്ക് നമ്മക്ക് കാശ്മീരി വസ്വാൻ വേണം. അവൻ നൊയമ്പിലാണ്. ഒക്കെ നടത്താം. അവൻ പറഞ്ഞു. എനിക്കറിയാവുന്ന ഒരു അടിപൊളി സ്ഥലമുണ്ട്.

ഉച്ചക്ക് റെസ്റ്റോറന്റിൽ എത്തിച്ചു പഹയൻ. അകത്ത് ഒന്നോ രണ്ടോ ടേബിളിൽ കൂടി ആളുണ്ട്.  
മുഖ്യമായും ആടിനെ കീഴ്‌പ്പെടുത്തി നിർമ്മിച്ച വിഭവങ്ങളാണ്. നേരത്തെ വേറെ നാടുകളിൽ നിന്നും  കഴിച്ചിട്ടുള്ള ചില ഭക്ഷണങ്ങളുടെ രൂപമാറ്റം വരുത്തിയവയുമുണ്ട്. തബക് മാസ്, റിസ്റ്റ, കബാബ്, റോഗൻ ജോഷ്  , ഗുഷ്ഠാബ, ആബ്‌  ഗോഷ്  - എങ്ങനെ ചില പേരുകൾ അവർ പറഞ്ഞു.  സംഗതി നല്ല പെടയായിരുന്നു, നല്ല ടെയ്സ്റ്റും.

വാസ്വാൻ - എന്നാൽ അത് വാസ്, (ഭക്ഷണം ഉണ്ടാക്കൽ) വാൻ ( കട) എന്നീ രണ്ടു വാക്കുകളുടെ സംഗമമാണ്.

*
പഹൽഗാമിലേക്ക് പോവുന്ന വഴിയിൽ ഒരു മൈതാനത്ത് വിശ്രമിക്കാൻ നിർത്തിയതായിരുന്നു. ഓരോ ഉദ്യാനത്തിനും / മൈതാനത്തിനും എൻട്രി ഫീസുണ്ട്. അത് പിരിക്കാൻ ഒരു ആളും. അബു (അങ്ങനെ എന്തോ ആണ് പറഞ്ഞത്)  പ്രായമുള്ള ആളാണ്. ഞങ്ങളിങ്ങനെ അറിയുന്ന ഭാഷയിൽ മനുഷ്യർക്ക് സാധ്യമാകുന്ന തരത്തിൽ സംസാരിച്ചു. അത് ചുറ്റുമുള്ള മരങ്ങളെ പറ്റി, താഴെ അരുവിയുടെ ഒഴുകുന്ന വെള്ളത്തെ പറ്റി - ഒക്കെയായി. ഒടുവിലത് ഈയ്യടുത്ത് മാധ്യമത്തിൽ പ്രസിദ്ധീകരിച്ച കവിതയായി. അത് അബു എന്ന് ഞാൻ പേരിട്ട ആൾ പറഞ്ഞതൊന്നുമല്ല എന്നുമാത്രം.

*

ഗുൽമാർഗിലാണ് രണ്ടു ഘട്ടങ്ങളുള്ള കേബിൾ കാർ ശൃഖലയുള്ളത്. ഗണ്ടോല ഫേസ്-1, ഗണ്ടോല ഫേസ് -2 എന്ന പേരുകളിൽ. നേരത്തെ തന്നെ ബുക്ക് ചെയ്യേണ്ടതാണ് ഗണ്ടോല യാത്ര. ഏഷ്യയിലെ തന്നെ വലുതും ഉയരം കൂടിയതും അതെ സമയം ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തേതുമായ ഗണ്ടോലയാണ് ഗുൽമാർഗിലേത്. ഒന്നാം ഘട്ടത്തിന്റെ യാത്ര ദൈർഘ്യം ഒമ്പതോളം മിനിറ്റും രണ്ടാമത്തേത് പന്ത്രണ്ടു മിനിറ്റുമാണ്. മഞ്ഞു മൂടിക്കിടക്കുന്ന പർവ്വത നിരകളുടെ ഒരു ആകാശക്കാഴ്ചയാണ് ഈ യാത്ര സമ്മാനിക്കുന്നത്. നേരത്തെ തന്നെ പോയി ക്യൂ നിന്ന് ക്ഷമയൊക്കെ പഠിച്ചു വേണം യാത്ര ചെയ്യാൻ. വാഹനം പാർക്ക് ചെയ്യുന്നിടത്തു നിന്നും പോണി യാത്രയ്ക്കുള്ള ഓഫറുമായി കുതിരക്കാർ വരും. ചിലപ്പോൾ ജീപ്പുകാരും. നടക്കണോ വേണ്ടയോ എന്നതൊക്കെ സന്ദർശകർക്ക് തീരുമാനിക്കാവുന്നതാണ്.

*
ലോകത്ത് മറ്റു പല ഭാഗത്തും വാഹനങ്ങളുടെ ഹോൺ ഒച്ച ഒരു നിയമവിരുദ്ധ സംഗതിയായാണ് കാണുന്നതെങ്കിലും ഇന്ത്യയിൽ പൊതുവെ ഹോൺ എന്നത് ഡ്രൈവന്റെ  അടിസ്ഥാന അവകാശങ്ങളിൽ ഒന്നായാണ് ഗണിക്കുന്നത്. ഏറ്റവും കൂടുതൽ ഹോൺ അടിക്കുന്ന ആൾ ഏറ്റവും മുന്നേ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരും എന്നൊരു തെറ്റിദ്ധാരണ ചില ഡ്രൈവർമാർക്കെങ്കിലും ഉണ്ട് എന്ന് തോന്നിപ്പോകും. ഏറെ ലോലമായ മനുഷ്യന്റെ കർണ്ണപുടത്തിന്റെ ആയുസ്സിനെ പറ്റി ഒരു ചിന്തയുമില്ലാത്ത ഇന്ത്യാക്കാരുടെ / മൂന്നാം ലോക പൗരന്മാരുടെ തുടർച്ച പോലെയാണ് കാശ്മീരിലെ ഡ്രൈവർമാർ. അവർ പൊതുവെ തുടർച്ചയായി ഹോൺ മുഴക്കിക്കൊണ്ടിരിക്കുന്നു.

കൂട്ടത്തിൽ ചില സർക്കാർ സംവിധാനങ്ങളുടെ പ്രതിനിധികളുടെ വാഹനങ്ങൾ നിരത്തിൽ തങ്ങൾക്കു മുന്നിലുണ്ടാവുമ്പോൾ ഈ ഹോണടി ഒരു പ്രതിഷേധമാർഗം കൂടിയായി മാറുന്നതായി ഒരു സന്ദർശകന്  തോന്നിയാൽ തെറ്റ് പറയാനാവില്ല. പ്രതിഷേധിക്കാൻ കൂടി അവസരം നിഷേധിക്കപ്പെട്ട, ഒച്ച വെക്കാൻ സ്വാതന്ത്ര്യമില്ലാത്ത ഒരു സമൂഹത്തിനു കിട്ടിയ മികച്ച ആയുധമായാവണം അവർ ഹോണിനെ കാണുന്നത്.

*
മകളുമായി ചെന്നപ്പോൾ ഡോക്‌ടർ  ചോദിച്ചു, കേരളത്തിൽ എവിടെ? ഞാൻ ഇടം പറഞ്ഞു. അപ്പോൾ ഡോക്ടർ പറഞ്ഞു - ഞാൻ തിരുവനന്തപുരം, കൊച്ചി ഒക്കെ വന്നിട്ടുണ്ട്. എം.ഡിയ്ക്ക് ബാംഗ്ലൂർ പഠിച്ചിട്ടുണ്ട്. എനിക്ക് കേരളത്തിൽ ഇഷ്ടം പോലെ സുഹൃത്തുക്കളുണ്ട്.  പുറത്തിറങ്ങുമ്പോൾ ഓർത്തു - എന്തൊരു ശാന്തതയാണ് ഈ ആശുപത്രിക്കുള്ളിൽ. വളരെ സിസ്റ്റമാറ്റിക് ആയി കാര്യങ്ങൾ നടക്കുന്നു. പുറത്തെ ഒച്ച ഉള്ളിലില്ലാത്തത് എത്ര നന്നായി.

*

'ഏതാണ് ഈ റോജ ബൽ മോസ്‌ക്, ഉമർ?' ഞാൻ ഉമറിനോട്  ചോദിച്ചു.
'അങ്ങനെ ഒന്ന് ഞാൻ കേട്ടിട്ടില്ലല്ലോ സർ,' എന്നായി ഉമർ.
ഞാൻ പതിയെ സ്ഥലം ഗൂഗിൾ ചെയ്ത്  ഉമറിനെ കാണിച്ചു. ഓ, ഇവിടെ കാണാനൊന്നുമില്ല. തന്നെയുമല്ല അവിടെ ഭയങ്കര ട്രാഫിക്കാണ്. എന്നായി ഉമർ. എന്നാലും ഒന്ന് പോയി നോക്കണം എന്നായി ഞാൻ. ഒടുവിൽ ഞങ്ങൾ റോജ ബലിന്റെ ഒരു ഭാഗത്തെത്തി. ഒരു പക്ഷെ കാശ്മീർ സന്ദർശിക്കുന്നവരുടെ ബക്കറ്റ് ലിസ്റ്റിൽ ഉള്ള പേരാവില്ല റോജ ബലിന്റേത്.

റോജ ബൽ ശ്രീനഗറിലെ ഡൗൺടൗൺ ഭാഗത്താണ്. മിത്തുകളുടെയും കഥകളുടെയും ഒരു എപിക് സെന്ററാണ് ഈ മന്ദിരം. റോജ (Roza) എന്നാൽ പേർഷ്യൻ ഭാഷയിൽ വിശുദ്ധമായത് എന്നും ബൽ  (bal) എന്നാൽ കാശ്മീരി ഭാഷയിൽ മന്ദിരം എന്നുമാണ്. ചരിത്രാന്വേഷകരിൽ ചിലർ പറയുന്നത് ഈ മന്ദിരത്തിലാണ് വിശുദ്ധനായ യുസസാഫ് (Yuzasaf) / യുസാ അസഫ് / യൗസ അസൗഫിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നതെന്നാണ്.  

അഹമ്മദിയരുടെ ആത്മീയാചാര്യൻ മിർസ ഗുലാം അഹമ്മദ് വ്യത്യസ്തമായ ഒരു മിത്താണ് പ്രചരിപ്പിച്ചത് -  1899 -ൽ അദ്ദേഹം അവകാശപ്പെട്ടത് ഈ ശവകുടിരം യേശു കൃസ്‌തുവിന്റേതാണെന്നാണ്. ഇതേക്കുറിച്ച് അദ്ദേഹം തന്റെ പുസ്തകത്തിലും (Masih Hindustan-mien / Jesus in India) രേഖപ്പെടുത്തി. അതിൻ പ്രകാരം ശിക്ഷയിൽ നിന്നും രക്ഷപെട്ട യേശു ഇന്ത്യയിലേക്ക് സഞ്ചരിക്കുകയും തന്റെ നൂറ്റിയിരുപതാം വയസിൽ മരിക്കും വരെ ഇന്ത്യയിൽ ജീവിച്ചു, ഭൗതിക ശരീരം കാശ്മീരിൽ അടക്കം ചെയ്യപ്പെട്ടു. ഈ മിത്ത് വിശ്വസിക്കുന്നവർ ഒട്ടേറെപ്പേർ  ക്രിസ്തുമസ് ദിനത്തിൽ ഇവിടം സന്ദര്ശിക്കുന്നുണ്ടത്രേ.

വ്യത്യസ്തമായ കഥകളും മിത്തുകളും കൊണ്ടാവണം ഈ സ്ഥലം എല്ലാ മതത്തിൽ പെട്ട ആൾക്കാരെയും ആകർഷിക്കുന്ന ഇടമാണ്. ഏത് മതവുമായാണ് കഥയ്ക്ക് ബന്ധം എന്നതിനെ ആശ്രയിച്ച് പ്രാദേശികമായി പ്രചരിപ്പിക്കപ്പെട്ട കഥകളിൽ യുസാസഫിന്റെ പേര് ചിലപ്പോൾ ബലൗഹർ എന്നോ ഗൗതമ ബുദ്ധൻ  എന്നോ ഇസാ എന്നോ ഒക്കെയായി മാറും.

റോജ ബലിന്റെ ഉള്ളിൽ കയറാൻ കഴിഞ്ഞതിന്റെ സങ്കടം തീർക്കാൻ എന്ന മട്ടിലാണ് ഉമർ ഹസ്‌റത് ബൽ മോസ്കിൽ കൊണ്ടുപോയത്.  

*

വിമാനത്താവളത്തിലേക്കുള്ള മടക്കയാത്രയ്ക്കിടയിൽ ഒരു കൈ നിറയെ റോഡ് ടോളിന്റെ കൂപ്പണുകൾ ഉയർത്തിക്കാട്ടി ഡ്രൈവർ ചോദിച്ചു - സർ, ഇതെത്ര രൂപയുടേതെന്നു പറയാമോ?

ഒരു പതിനായിരം?
അയാൾ ചിരിച്ചു,
അല്ല മുപ്പതിനായിരത്തോളം വരും. കഴിഞ്ഞ ഒരു മാസത്തേതാണ്. ഇതിൽ കുറച്ചു കളഞ്ഞു പോയാൽ എൻ്റെ ശമ്പളം തികയാതെ വരും. ഇത്രയധികം റോഡ് ടാക്സ് കൊടുത്താണ് ഞാൻ സന്ദർശകരെയും കൊണ്ട് യാത്ര ചെയ്യുന്നത്. പക്ഷെ നിങ്ങൾ കണ്ടില്ലേ, ഭൂരിപക്ഷം റോഡുകളുടെയും സ്ഥിതി. പിരിക്കാൻ ആളിനെ ഏർപ്പെടുത്തിയിട്ടുണ്ട്. റോഡ് നന്നായി സംരക്ഷിക്കാൻ ആർക്കും ഉത്തരവാദിത്തമില്ലതാനും.

പിന്നെ ഒരു നെടുവീർപ്പിട്ടു പറഞ്ഞു - ആരോട് പറയാൻ. റോഡിൽ നിറയുന്ന, കാതടപ്പിക്കുന്ന ഹോണുകൾ ഒരു പക്ഷെ ഈ നെടുവീർപ്പിന്റെ ഒച്ചപ്പെടലുകളാവാം