1. നവ
സാങ്കേതിക മാധ്യമ സാദ്ധ്യതകള്‍ ദേശങ്ങള്‍ക്കിടയിലെ അതിരുകളെയും അകലങ്ങളെയും
ഇല്ലാതാക്കിയ പുതിയ കാലത്ത് എഴുത്തിലും വായനയിലും അതൊരു വലിയ തുറസു തന്നെ
സൃഷ്ടിക്കുന്നുണ്ട്. താങ്കളെപ്പോലെയുള്ള പ്രവാസി എഴുത്തുകാര്‍ ഈ-തുറസ്സില്‍എഴുത്തിനെ
വായനക്കാരുമായി പങ്കുവയ്ക്കുന്നവരാണ്. എത്രത്തോളമുണ്ട് ഇതിന്റെ സാധ്യതകള്‍ ?
നവസാങ്കേതിക വിദ്യകള്‍മറ്റെല്ലാ മേഖലകളിലും എന്നത് പോലെ
എഴുത്തിലും വായനയിലും വലിയ മാറ്റത്തിന് വഴിയൊരുക്കി എന്നത് സംശയാതീതമായ കാര്യമാണ്.
ഉദാഹരണത്തിനു കേരള സാഹിത്യ അക്കാദമിയുടെ വെബ് സൈറ്റിലുള്ള ക്ലാസ്സിക് പുസ്തകങ്ങളുടെ
ഈ-ശേഖരം , പ്രീയപ്പെട്ട കവി ശ്രീ.
സച്ചിദാനന്ദന്റെ കവിതകളുടെ പീ.ഡി.എഫ് ഫോര്‍മാറ്റ് , ഹരിതകം വെബ്
സൈറ്റില്‍ പി രാമന്റെ പഴയതും എന്നാല്‍ശ്രദ്ധിക്കപ്പെടാതെ പോയ കവികളെ /
കവിതകളുടെ പരിചയപ്പെടുത്തല്‍ ഇവയൊക്കെ
സൈബര്‍സ്പേസിന്റെ അനന്ത സാദ്ധ്യതകളില്‍ചുരുക്കം ചിലത് മാത്രമാണ്. ഏറെ ചര്‍ച്ച
ചെയ്യപ്പെട്ട ഒരു വിഷയം ആയതിനാല്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല.
പ്രവാസി എഴുത്തുകാരന്‍ എന്ന നിലയില്‍ ഈ-തുറസ് സ്വയം
പ്രകാശന സാധ്യതകള്‍ക്ക് ഒപ്പം വിവിധ രാജ്യങ്ങളില്‍താമസിക്കുന്ന സമാന
ചിന്താഗതിയുള്ള മലയാളി എഴുത്തുകാരുമായും ഇതര ഭാഷാ എഴുത്തുകാരുമായി യുള്ള
ഇടപഴകാനുള്ള ഒരു വലിയ ആകാശം കൂടി തുറന്നു തരുന്നുണ്ട്. കാലവിളംബം
കൂടാതെ ഒരേ സമയം പല എഴുത്തുകാരുമായി
എഴുത്തിനെ കുറിച്ച് സംസരിക്കാനാവുന്നു എന്നത് എഴുത്തിന്റെ വര്‍ത്തമാന രീതികള്‍, പുതിയ
സാദ്ധ്യതകള്‍ഒക്കെ പരിചയപ്പെടുന്നതിനു വളരെ സഹായകരമാണ്. അത്
കവിതയ്ക്ക് മാത്രമല്ല മറ്റു എല്ലാ മേഖലകളിലും ഉള്ള ഒരു വലിയ സാധ്യതയാണിത്.
മറ്റൊന്ന്, പ്രവാസി എഴുത്തുകാര്‍ക്ക് കേരളത്തിലെ അച്ചടി മാധ്യമ
രംഗവുമായി നേരത്തെ ഉണ്ടായിരുന്ന വലിയൊരു വിടവിനെ,
മൂന്നമതൊരാളുടെ പരിചയപ്പെടുത്തലിനെ ഒക്കെ ഈ-മാധ്യമം ഒരു
പരിധിയിലേറെ ഇല്ലാതാക്കിയിട്ടുണ്ട്. ഒരര്‍ത്ഥത്തില്‍എഴുത്തിന്റെയും
വായനയുടെയും ആകാശം ഇപ്പോള്‍മുന്‍പുണ്ടായിരുന്ന പല അതിരുകളെയും
ഇല്ലാതാക്കിയിട്ടുണ്ട്.
അതേപോലെ തന്നെ, നേരത്തെ അച്ചടി മാധ്യമത്തില്‍ഒരു കവിതയോ
കഥയോ പ്രസിദ്ധീകരിച്ചതിന് ശേഷം വായനക്കാരന്റെ പ്രതികരണത്തിനായി ആഴ്ചകളോ മാസങ്ങളോ
കാത്തിരിക്കേണ്ടി വന്നിരുന്നു. എന്നാല്‍ഇപ്പോള്‍വായനക്കാരന്റെ പ്രതികരണങ്ങള്‍നിമിഷങ്ങള്‍ക്കകം
എഴുത്തുകാരന് ലഭ്യമാവുന്നുണ്ട്.ബ്ലോഗ്, ഫേസ് ബുക്ക് തുടങ്ങിയ ഈ-തുറസ്സുകള്‍ക്ക്
ഒപ്പം ഈ-മെയിലോ വാട്സ് അപ്പോ വൈബറോ ഒക്കെ പ്രതികരണങ്ങളുടെ വഴികളാണ്. അതുപോലെ
തന്നെ പുത്തന്‍സാങ്കേതിക വിദ്യകള്‍എഴുത്തിന്റെ രീതികള്‍ക്കും കാലോചിതമായ മാറ്റം
വരുത്തുന്നുണ്ട്. ജി. ബിജു വിന്റെ ഗ്രാഫിക് കവിതകള്‍മലയാളത്തിലെ തന്നെ പ്രഥമ
സംരഭമാണ്. വിഷ്ണു പ്രസാദിന്റെയും അരുണിന്റെയും മറ്റും ചില കവിതകള്‍ സാങ്കേതികതകളുടെ
പരീക്ഷണങ്ങളാല്‍ശ്രദ്ധേയമാണ്. ഇന്ന് എഴുത്തുകാരന് നിലനില്‍ക്കാന്‍, ഭാവിയിലേക്ക്
തന്റെ സാഹിത്യ സംരഭങ്ങളെ കരുതി വയ്ക്കാന്‍പരസഹായം ആവശ്യമേയല്ല എന്നതാണ് നവ
സാങ്കേതിക മാധ്യമങ്ങളുടെ വര്‍ത്തമാന കാലത്തെ
പ്രസക്തി.
2. അച്ചടി മാധ്യമത്തില്‍നിന്ന ജനകീയ വായനയെ സൈബര്‍പരിസരങ്ങളിലേക്ക് പറിച്ചു നടുന്നതില്‍പ്രവാസി എഴുത്തുകാര്‍സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്. അതിന്റെ ഗുണദോഷങ്ങളെ പറ്റി പറയൂ.
അച്ചടി മാധ്യമങ്ങള്‍പങ്കു വയ്ക്കുന്ന ജനകീയത പലപ്പോഴും ഒരു
മിഥ്യാസങ്കല്‍പം ആയി മാറുന്നുണ്ട്. കാരണം ഒരു അച്ചടി മാധ്യമത്തിലെ എഴുത്തിന്റെ
തിരഞ്ഞെടുപ്പ് അതിനു ചുമതലപെട്ട ആളുടെ സാഹിത്യ, വൈയക്തിക
താല്‍പര്യങ്ങളെ മുന്‍നിര്‍ത്തി കൂടിയാണ്. മലയാളത്തിലെ പല മുഖ്യധാരാ അച്ചടി
മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കപ്പെടുന്ന കഥകളെയോ കവിതകളെയോ പിന്നിലാക്കുന്ന
തരത്തില്‍എഴുതുന്ന ആള്‍ക്കാര്‍ഇപ്പോള്‍ഇലക്ട്രോണിക് മീഡിയയിലുണ്ട്. തിരഞ്ഞു
കണ്ടു പിടിക്കുന്ന ഒരു വായനക്കാരന് നിരാശപ്പെടേണ്ടി വരുന്നില്ല .ഈ-മാധ്യമത്തിന്റെ
വര്‍ത്തമാനകാലം എഴുത്തിന്റെയും വായനയുടെയും ബഹുസ്വരതകളുടെ അടയാളപ്പെടുത്തലാണ്.
പുസ്തകങ്ങള്‍ഒരു കയ്യകലത്തായിരുന്ന പ്രവാസി മലയാളിയുടെ
ഏറ്റവും വലിയ ആശ്വാസമാണ് ഈ വായന. സ്വയം പ്രകാശനം എന്ന ഈ- മീഡിയ സ്വാതന്ത്ര്യം
ഇരുതലയുള്ള വാളാണ്. അത് ഒരു എഡിറ്ററുടെ അഭാവം കൊണ്ട് നല്ലതിന്റെയും
ചീത്തയുടെയും മിക്സെഡ് ബാഗ് ആയിത്തീരുന്നുണ്ട്. പക്ഷെ ഇതേ
അവസ്ഥ അച്ചടി മാധ്യമത്തിലും കാണാന്‍കഴിയുന്നതാണ്.
വായനക്കാരന്റെ വിവേചന അധികാരം കൂടുതല്‍പ്രസക്തമാവുന്നത്
ഈ- തുറസിലാണ്. വീട്ടിലെ ടീ.വിയില്‍ചാനല മറ്റും പോലെ വായനകാരന് അവനാവശ്യമുള്ളത്
കണ്ടെത്താനാവുന്നു. ഗ്രൂപ്പുകളും കൊക്കസുകളും ക്ലിക്കുകളും കൂടുതലുള്ള സാഹിത്യ
ലോകത്ത് ഇതിലൊന്നും പെടാത്ത ഒരാളുടെ നിലനില്‍പ്പിനു ഏറെ സഹായകമാണ് സൈബര്‍പരിസരം. മലയാള
കവികളുടെ ഒരു ഷോക്കേസ് എന്ന് വിശേഷിപ്പിക്കാവുന്ന ഹരിതകം വെബ് പോര്‍ട്ടല്‍പോലും
മറ്റു പല സാഹിത്യേതര കാരണങ്ങളാല്‍അനഭിമതര്‍ആക്കി നിര്‍ത്തിയിരിക്കുന്ന പല
കവികളെയും ഒറ്റ ക്ളിക്കുകൊണ്ട്‌വായനക്കാരന് വായിക്കാന്‍ആവുന്നത് ചെറിയ കാര്യമല്ല. ആരും
ആരുടേയും കാലടികളെയോ നിഴലിനെയോ പിന്തുടരേണ്ടതില്ല എന്നത് വലിയൊരു കാര്യം തന്നെയാണ്.
3. ഉന്മത്തതയുടെ ക്രാഷ്
ലാണ്ടിങ്ങുകള്‍എന്ന താങ്കളുടെ ആദ്യ കവിതാ സമാഹാരം ഏറെ ശ്രദ്ധിക്കപ്പെടുകയും
വായിക്കപ്പെടുകയും ചെയ്തു. ധാരാളം ചര്‍ച്ചകളും ആ പുസ്തകത്തെ മുന്‍നിര്‍ത്തി
ഉണ്ടായിട്ടുണ്ട്. കവിതകള്‍ക്ക് വായനക്കാര്‍കുറയുന്ന സമകാലീന അവസ്ഥയില്‍ആ പുസ്തകം
തന്ന ഊര്‍ജ്ജം പങ്കുവയ്ക്കാമോ?
ഉണ്മാത്തതകളുടെ ക്രാഷ് ലങ്ടിങ്ങുകള്‍പുറത്തിറങ്ങിയത് 2011 ലാണ്. ബ്ലോഗില്‍ഉണ്ടായിരുന്ന
കവിതകള്‍ആയിരുന്നു ആ പുസ്തകത്തിലെ ഭൂരിപക്ഷം കവിതകളും. ഈ-മീഡിയത്തില്‍നിന്ന്
പ്രിന്റ്‌മീഡിയത്തിലേക്കുള്ള എഴുത്തിന്റെ പരകായങ്ങളുടെ തുടക്കത്തില്‍പുറത്തിറങ്ങിയ
ഉന്മത്തത തന്ന ഊര്‍ജ്ജം വളരെ വലുതാണ്.പുസ്തക വിപണനത്തിലും പരസ്യ
പ്രചാരണത്തിനും ഈ-മീഡിയയുടെ , വിശിഷ്യ ഫേസ് ബുക്ക്, ബ്ലോഗ്, ഇതര സോഷ്യല്‍നെറ്റ്
വര്‍ക്ക് സൈറ്റുകള്‍തുടങ്ങിയവ ഉന്മത്തതയുടെ ശ്രദ്ധിക്കപ്പെടലിനു സഹായകമായിടുണ്ട്.
സച്ചി മാഷ്, അന്‍വര്‍അലി, കരുണാകരന്‍, പി ജെ ജെ
ആന്റണി, ശാരദക്കുട്ടി ടീച്ചര്‍, മ്യൂസ് മേരി, ശ്രീകുമാര്‍കരിയാട്, മനോജ്‌കുറൂര്‍, തുടങ്ങി
ഒട്ടേറെ പേര്‍ഉന്മത്തത വായിച്ചഭിപ്രായം അറിയിച്ചിരുന്നു.
ആദ്യപുസ്തകത്തിനു ലഭിക്കുന്ന പ്രതികരണം എന്ന നിലയില്‍ഇതൊക്കെ വളരെ വലുതായി
കാണുന്നുണ്ട്. ദൂരദര്‍ശന്‍, മാതൃഭൂമി ബുക്ക് റിവ്യൂ, ഇന്ത്യാ ടു
ഡേ, പ്രസക്തി തുടങ്ങി ഒട്ടേറെ അച്ചടി മാധ്യമങ്ങളിലും പുസ്തക വിശകലനത്തില്‍ ഉണ്മത്തതയ്ക്ക്
ഇടം കിട്ടി.
കവിതയ്ക്ക് വായനക്കാര്‍ കുറയുന്നു എന്ന
പൊതു നിരീക്ഷണം അസ്ഥാനത്താണ് എന്ന് തോന്നുന്നു. സൈബര്‍ലോകത്ത്
ഏറ്റവും കൂടുതല്‍വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്ന സാഹിത്യ
രൂപം കവിത തന്നെയാണ് എന്നാണു എന്റെ അഭിപ്രായം. കവിത പഴയ
കാലത്തും ഒരു പക്ഷെ ഇതേ അളവില്‍മാത്രമാവണം വായനക്കാരെ ആകര്ഷിച്ചിട്ടുണ്ടാവുക.നവോദ്ധാന
കാലത്തും പിന്നെ ആധുനികതയുടെ കാലത്തും വളരെ കുറച്ചു കവിതകള്‍ക്ക് മാത്രമാണ് ജനപ്രീയത ഉണ്ടായിരുന്നത് എന്ന് കാണാം.വിദ്യാഭ്യാസ
സിലബസിന്റെ ഭാഗമാക്കപ്പെട്ട കവിതകള്‍ആവും തലമുറകള്‍ക്ക് പരിചിതമായി
നിലനിന്നിട്ടുള്ളത്.കവിത എഴുതുന്ന ആള്‍ക്കാരില്‍ഉണ്ടായ ബാഹുല്യം കവിതാ
വായനക്കാരിലും പ്രതിഫലിച്ചിട്ടുണ്ടാവണം. അത് വായനക്കാരുടെ എണ്ണവും കൂട്ടുകയല്ലേ
ചെയ്യേണ്ടത്?
4. വായന / എഴുത്ത് / യാത്ര / സംഗീതം / സൌഹൃദം/ പ്രണയം.
താങ്കളുടെ ജീവിതത്തിന്റെ വ്യത്യസ്ഥ ഭാവങ്ങളുമായി ഇവയൊക്കെ എങ്ങനെ ചേര്‍ന്ന്
പോവുന്നു.
എഴുതുന്ന ഒരാള്‍ക്ക് മാത്രമല്ല, ഏതൊരാളിന്റെ
ജീവിതത്തിലും ഏറെ സ്വാധീനം ചെലുത്താനാവുന്ന ഘടകങ്ങളാണ് വായന / എഴുത്ത് / യാത്ര /
സംഗീതം / സൌഹൃദം/ പ്രണയം എന്നിവ. ഒരാളിന്റെ ജീവിതത്തില്‍ഒരു സ്ഥിരം നിക്ഷേപം പോലെയാവും ഈ
ഘടകങ്ങളുടെ സ്വാധീനം. ഓര്‍മ്മയും അതില്‍നിന്നുള്ള ഉന്മാദവും ഈ സ്ഥിരം
നിക്ഷേപത്തിന്റെ പലിശയും കൂട്ട് പലിശയും പോലെ നിരന്തരം എഴുത്തിന്റെ വളവും
വെള്ളവുമാവുന്നു. ഒരേ കൃതിയുടെ വ്യത്യസ്ഥ സമയങ്ങളിലുള്ള വായനകള്‍വളരെ
വ്യത്യസ്ഥമായ അര്‍ത്ഥ തലങ്ങള്‍കൈവരുത്തുന്നത് പോലെ വായിച്ചവയെ കുറിച്ചുള്ള ഓര്‍മ്മ, ഇഷ്ടവായന
അബോധതലങ്ങളില്‍നടത്തുന്ന ഭാവനാ പ്രതിപ്രവര്‍ത്തനങ്ങള്‍ഒക്കെ ജീവിതത്തിന്റെ ഭാഗം
തന്നെ. യാത്രകള്‍അത് വരെ കാണാത്ത ഇടങ്ങളെ, ജീവിതമുഖങ്ങളെ പരിചയപ്പെടുത്തുന്നവയാണ്. ഇന്ത്യയിലെ
ഒട്ടുമുക്കാല്‍സംസ്ഥാനങ്ങളിലും സഞ്ചരിക്കാന്‍ആവുക എന്നതു ഒരു ഭാഗ്യമായി കരുതുന്നു. ഇത്തരം
യാത്രകള്‍ഭാവനയുടെ, എഴുത്തിന്റെ പ്രേരകശക്തികളായി പ്രവര്‍ത്തിക്കുന്നു. ജീവിതം
അതിന്റെ സ്വാഭാവിക താളത്തില്‍ജീവിക്കുക എന്നത് എഴുത്തിലും ബാധകമാവുന്നു. ഗദ്യകവിതകള്‍എന്ന്
പലരും പറയുന്ന ആധുനിക/ആധുനികാനന്തര കവിതാ രീതിയില്‍പോലും സ്വാഭാവികമായ ഒരു താളം
അന്തര്‍ലീനമാണ്. പുതു കവിതാ എഴുത്തില്‍ഭാഷ എന്നത് ഓരോ എഴുത്തുകാരനും
വ്യത്യസ്ഥമായ ഒന്നാണ്. ഭാഷ എഴുത്തുകാരന്റെ സ്വത്വപൂര്‍ണ്ണതയാണ്. ഭാഷ പുതു
സംഗീതത്തെ ഉള്‍ക്കൊള്ളുന്ന ഒന്നാകുന്നു. ട്രെയിനിന്റെ ഒച്ചയെന്നോ, കീ ബോര്‍ഡില്‍ടൈപ്പ്
ചെയ്യുന്നതിന്റെ ഒച്ചയെന്നോ അല്ലെങ്കില്‍ഒരു ബാര്‍ബറുടെ കത്രികയുടെ ഒച്ചയെന്നോ ഒരു
താളം, സംഗീതം അത് പുതുകവിതയിലും കാണാവുന്നതാണ്. ചോല്‍ക്കഴ്ച്ചകളിലും
മത്സരക്കളരികളിലും കസേര വലിച്ചിട്ടു
ഇരിക്കാത്ത' പുതുകവിത അതിന്റെ സംഗീതം വായനയ്ക്കൊപ്പം കൂടെപ്പോരുന്നു.
പ്രണയവും സൌഹൃദവും തമ്മില്‍സ്വാഭാവികമായ ഒരു ജുഗല്‍ബന്ധിയുണ്ട്. പല വിഷമ
ഘട്ടങ്ങളും തരണം ചെയ്യാന്‍സൌഹൃദങ്ങളുടെ തണല്‍ഏറെ സഹായിച്ചിട്ടുണ്ട്. എഴുത്തിലും
സൌഹൃദം ഏറെ സ്വാധീനിച്ചിട്ടുണ്ട്. പ്രവാസി എന്ന നിലയില്‍സൈബര്‍സ്പേസില്‍നിന്ന് ലഭിച്ച പല
സൌഹൃദങ്ങളും ഇപ്പോള്‍ഓണ്‍ലൈനിന് പുറത്തെ ഹൃദയ ബന്ധങ്ങളാണ്. എഴുത്തില്‍ഒട്ടേറെ
സൌഹൃദngale സ്നേഹപൂര്‍വ്വം സ്മരിക്കുന്നു.
പ്രണയം എന്നത് വെട്ടിപ്പിti-ക്കലല്ല, വെന്തു
നീറല്‍എന്ന് വിശ്വസിക്കുന്ന ഒരു പ്രണയി ആവാനാനിഷ്ടം. അത്
സാഹിത്യത്തിലെക്കോ മറ്റു നേട്ടങ്ങളിലെക്കോ ഉള്ള കുറുക്കുവഴിyuma-ല്ല.ഒരു സമതല ഭൂമിയില്‍പരന്നു കിടക്കുന്ന ജലത്തിന്റെ പ്രതലം ആണ്. കാറ്റിന്റെ
ആവേഗത്തിന് അനുസരിച്ച് കമ്പനം ചെയ്യുന്ന ജലത്തിന്റെ ശ്രുതി മീട്ടല്‍പോലെ ആരിലും
ഒരു ഭാവപ്രപഞ്ചം തീര്‍ക്കാന്‍പ്രണയത്തിനാവുന്നു. ചോര്‍ന്നോലിക്കല്‍പോലെയോ
വെന്തു നീറല്‍ പോലെയോ അല്ലാത്ത ഒരു പ്രണയ ഭാഷ്യമാവുന്നു എഴുത്ത്.
5. സാധാരണ പ്രവാസി എഴുത്തുകളില്‍മുഴച്ചു നില്‍ക്കുന്ന
ഗൃഹാതുരത എന്ന ഭാരം താങ്കളുടെ രചനകളില്‍അത്രയ്ക്കൊന്നും വായിച്ചെടുക്കാന്‍ആവില്ല. അതൊരു മുന്‍തീരുമാനം
ആയിരുന്നോ? അതോ താങ്കള്‍ഗൃഹാതുരതകള്‍ക്ക് പുറത്താണോ?
ഗൃഹാതുരത എന്നത് പ്രവാസിയുടെ എഴുത്തിന്റെ മാത്രം വിഷയമല്ല. അത്
നാട്ടില്‍നിന്ന് എഴുതുന്ന പലരുടെയും വിഷയമാവുന്നുണ്ട്. പ്രണയം, നഷ്ടപ്പെടല്‍, ഗൃഹാതുരത, മഴ,
തുടങ്ങിയവ തലമുറകളായി മലയാളി
എഴുത്തുകാരുടെ ഇഷ്ടവിഷയങ്ങളാണ്. വളരെ എളുപ്പം വായനക്കാരനെ അനുഭവിപ്പിക്കാന്‍സാധ്യതയുള്ള
വിഷയങ്ങള്‍ആണ് ഇവയൊക്കെ. ഒരു വ്യക്തി എന്ന നിലയിലും എഴുത്തുകാരന്‍എന്ന നിലയിലും ഈ
നിമിഷത്തില്‍, വര്‍ത്തമാനത്തിന്റെ ഈ ചില്ലയില്‍കൂട് കൂട്ടാന്‍ഇഷ്ടപ്പെടുന്ന
ഒരാളാണ് ഞാന്‍. എല്ലാ മനുഷ്യന്റെയും പൊതു വികാരങ്ങളില്‍പെട്ട പ്രണയം, ലൈഗികത, ഋതുക്കള്‍, ഗൃഹാതുരത
ഒക്കെ അല്ലാതെ തന്നെ മറ്റു പലതും എഴുതാനാവും എന്നാ വിശ്വാസം കൊണ്ടാണ് ജീവിക്കുന്ന
ഇടത്തെ എഴുതുന്നത്.വ്യക്തി വികാരങ്ങള്‍ ലോകത്തിന്റെ എല്ലാ കോണിലും ആര്‍ക്കും
താദാത്മ്യം പ്രാപിക്കാവുന്നവ ആവണം. വിശപ്പ്, അസ്തിത്വ ദു:ഖം , പലായനങ്ങള്‍ഇവയൊക്കെ
ഇന്ത്യയിലോ കമ്പോഡിയയിലോ, ഇത്യോപ്യയിലോ വായിക്കുന്ന ഒരാള്‍ക്ക് അനുഭവിക്കാന്‍ ആവുന്നതാണ്.എന്നാല്‍ രാഷ്ട്രീയാവസ്ഥകള്‍, പരിസ്ഥിതി, ജൈവികത
അങ്ങനെ കോമണ്‍അല്ലാത്ത മറ്റു പലതും നമ്മള്‍അറിയുന്നത് വായനയിലൂടെയോ
ദൃശ്യമാധ്യമങ്ങളിലൂടെയോ ആണ്. ജീവിക്കുന്ന ഇടത്തെ, കാലത്തെ
എഴുതുന്ന ഒരാള്‍ക്ക് ഇത്തരം വ്യത്യസ്ഥ വിഷയങ്ങളെ കണ്ടില്ലെന്നു വയ്ക്കാനാവില്ല.
അതെ സമയം അത്തരം എഴുത്ത് വെട്ടുവഴി കവിതകളുടെ വഴിയുമല്ല. എഴുത്തിലെ
ഗൃഹാതുരത എന്ന ആകുലതയുടെ പറ്റുന്നത്ര ഉള്ള ഒഴിവാക്കല്‍ബോധപൂര്‍വമായ ശ്രമത്തിന്റെ
ഭാഗം തന്നെയാണ്. എന്റെ ഗൃഹാതുരത
ശീതികരിച്ച മുറിയിലിരുന്നു മഴയ്ക്കായി എഴുതുകയും മഴ പെയുമ്പോള്‍വീടിനുള്ളില്‍അടച്ചിരിക്കുകയും
ചെയ്യുന്ന കാപട്യമല്ല.
6. പുരസ്കാരങ്ങളും അംഗീകാരങ്ങളും ഒരു എഴുത്തുകാരനെ എങ്ങനെ
ഒക്കെ മാറ്റിത്തീര്‍ക്കാം?
പുരസ്കാരങ്ങളും അംഗീകാരങ്ങളും ഒരു എഴുത്തുകാരനെ ഒരേ നേരം
ഉത്തരവാദിത്വമുള്ള ഒരു എഴുത്തുകാരനായി
നിലനിര്‍ത്തുകയും അതെ നേരം പ്രതീക്ഷകളുടെ ഭാരത്തില്‍തകര്‍ന്നു വീഴുന്നവനും ആക്കാം.സമകാലീന
എഴുത്തുകാര്‍സ്വയം പ്രമോഷന്റെ ഭാഗമാണ്. പ്രസാധകനെക്കാള്‍തന്റെ എഴുത്തിനെ
വായനക്കാരനില്‍എത്തിക്കാനും വായനക്കാരന്റെ പ്രതികരണങ്ങള്‍കണ്ടെത്താനും
യത്നിക്കുന്നത് എഴുത്തുകാരന്‍ആണ്. ചിലപ്പോള്‍വളരെ അരോചകമായ നിലയിലേക്ക് ഇത്തരം സ്വയം
പ്രമോഷനുകള്‍വീണു പോയേക്കാം. ചില പുരസ്കാര ലബ്ധികള്‍ക്ക് ശേഷം മറ്റൊരു അടയാളവും
അവശേഷിപ്പിക്കാതെ കടന്നു പോവുന്ന എഴുത്തുകാരും കുറവല്ല. എന്നെ
സംബധിച്ചിടത്തോളം അംഗീകാരങ്ങള്‍എഴുത്തിന്റെ വഴിയില്‍ആരൊക്കെയോ നമ്മളെ കാണുന്നു
എന്നതിന്റെ അടയാളങ്ങള്‍ആണ്. പുരസ്കാരങ്ങളും അംഗീകാരങ്ങളും കൂടുതല്‍വിനയാന്വീതനും
ഉത്തരവാദിത്വ ബോധമുള്ളവനും ആക്കുന്നു.
7. ബെന്യാമിന്റെ " ആട് ജീവിതം " പ്രവാസി എഴുത്തിന്റെ
വേദപുസ്തകം ആണെന്ന പറച്ചിലിനോട് എങ്ങനെ പ്രതികരിക്കും?
പ്രവാസി എഴുത്തിന് ആട് ജീവിതത്തിനു മുന്‍പും /പിന്‍പും
എന്നൊരു അവസ്ഥ ഉണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് തന്നെ പറയേണ്ടി വരും. സാധാരണത്വം തുളുമ്പുന്ന ആഖ്യാന ശൈലിയും ഭാഷയും
പ്രവാസികള്‍ഏറെയുള്ള കേരളം പോലെ ഒരു സംസ്ഥാനത്തെ സാധാരണ വായനക്കാരെ ആ
പുസ്തകത്തിലേക്ക് അടുപ്പിച്ചിട്ടുണ്ട്. ആട് ജീവിതത്തിനു ശേഷം പ്രവാസി
എഴുത്തുകാരുടെ മറ്റു പല സര്‍ഗ്ഗസൃഷ്ടികളും ബന്യാമിനെ പോലെ ബ്ലോഗില്‍ സജീവമായിരുന്ന
പലരുടെയും കൃതികള്‍ അച്ചടി മഷി പുരണ്ടിട്ടുണ്ട്. അതില്‍തന്നെ മുഹമ്മദ് ഫാസിലിന്റെ
നോവല്‍ കോമ്പസും വേട്ടക്കോലും (മാതൃഭൂമി ബുക്സ്) , അനൂപ് ചന്ദ്രന്റെ
ഓക്സിജെന്‍സിലിന്ടെര്‍ (മാതൃഭൂമി ബുക്സ്), നസീര്‍ കടിക്കാടിന്റെ
കാക്ക (കറന്റ് ബുക്സ്) ഇങ്ങനെ പല കൃതികളും ശ്രദ്ധിക്കപ്പെടുകയും ചെയ്തവയാണ്. ഇവയൊന്നും
ബന്യാമിന്റെ ആടുജീവിതത്തിന്റെ പൂര്‍വ ഭാരം പേറുന്നവയല്ല. ആടുജീവിതം ടി.ഡി
രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കൊരയ്ക്കൊപ്പം സാധാരണക്കാരെ വായനയിലേക്ക്
അടുപ്പിച്ചു എന്നത് സത്യം തന്നെയാണ്. എന്നാല്‍ബന്യാമിന്റെ മിക്ക കൃതികളും
വായിച്ച ഒരാള്‍എന്ന നിലയില്‍ആടുജീവിതത്തെക്കാള്‍എനിക്കിഷ്ടം ഈ.എം. സും പെണ്‍കുട്ടിയും
എന്ന കഥയാണ്.
8. പ്രവാസി എഴുത്ത് കൂട്ടായ്മകളെ കുറിച്ച് പറയൂ ?
വര്‍ത്തമാന കാലത്ത്, എഴുത്ത്
കൂട്ടായ്മകള്‍ദേശവ്യത്യാസങ്ങള്‍ക്ക് അതീതമായി മൌസിന്റെ ഒരു ക്ലിക്ക് അകലത്താണ്. പ്രവാസികള്‍ക്ക്
സ്വദേശത്തെ എഴുത്ത് കൂട്ടായ്മകളില്‍സജീവമായി ഇടപെടാനുള്ള സാഹചര്യം ഇപ്പോഴുണ്ട്. പ്രവാസ
എഴുത്ത് കൂട്ടായ്മകള്‍കേരളത്തിലുള്ള എഴുത്ത് കൂട്ടായ്മകളെക്കാള്‍ സജീവമാണെന്ന്
പറയാന്‍ കഴിയും. അബുദാബി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന
"കോലായ" എന്ന എഴുത്ത് കൂട്ടായ്മ വളരെ സജീവമായ ഒന്നാണ്. യൂ ഏ ഈ
എഴുത്തുകൂട്ടായ്മകളില്‍കോലായയ്ക്കുള്ള സ്ഥാനം വളരെ വലുതാണ്. ആസ്മോ
പുത്തഞ്ചിറ, ശശി ടി ഏ, അജി, ദേവസേന തുടങ്ങി ബ്ലോഗിലും അച്ചടി മാധ്യമരംഗത്തും
ശ്രദ്ധേയരായ ഒരു കൂട്ടം എഴുത്തുകാരാണ് കോലായയ്ക്ക് പിന്നില്‍. ഖത്തര്‍ആസ്ഥാനമായ
അടയാളം മറ്റൊരു സജീവ സാന്നിധ്യം ആണ്. മറ്റു രാജ്യങ്ങളിലും സമാനമായ
കൂട്ടായ്മകള്‍ നിലവിലുണ്ട്. പ്രസക്തി, അബു ദാബി ശക്തി, കെ.എസ്..സി., പാം
പുസ്തകപ്പുര തുടങ്ങിയ സംഘടനകളും കൂട്ടായ്മകളും മറ്റു ചില എടുത്തു പറയേണ്ടവ ആണ്.
9. അച്ചടി മാധ്യമങ്ങളിലും താങ്കളുടെ രചനകള്‍ക്ക് സജീവ
പരിഗണനയുണ്ട്. പക്ഷേ, ബ്ലോഗ്, ഫേസ് ബുക്ക് മുതലായ ഇടങ്ങളിലാണ് അത് കൂടുതലും ചര്‍ച്ചയ്ക്ക്
വിധേയമാകുന്നത്.ഈ വൈരുദ്ധ്യാത്മകത പുതുമലയാള എഴുത്തുകാരെ മൊത്തത്തില്‍ബാധിക്കുന്ന
ഒരു പ്രശനമാണോ?
പല മുഖ്യധാരാ മാധ്യമങ്ങളിലും രചനകള്‍പ്രസീദ്ധീകരിക്കപ്പെടുകയും അച്ചടി മാധ്യമരംഗത്തും അക്കാദമിക് രംഗത്തും പല ചര്‍ച്ചകളിലും ലേഖനങ്ങളിലും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടെങ്കിലും അത്തരം പരാമര്‍ശങ്ങളെക്കാളും ശ്രദ്ധേയമായ ചര്‍ച്ചകള്‍ ഓണ്‍ലൈനില്‍ ആണ് നടന്നിട്ടുള്ളത് എന്നത് ശരിയായ നിരീക്ഷണം ആണ്. ചന്ദ്രിക വാരികയിലെ ഗ്രാമം/ദേശം എഴുത്ത് ചര്‍ച്ചയില്‍ പ്രകാശന്‍ മടിക്കൈ മലന്കൊട്ടയം എന്ന കവിതയെ പറ്റി വിശകലനം ചെയ്തിട്ടുണ്ട്. മനോജ്‌കുറൂര്‍തന്റെ പുതുകവിതാ പഠനത്തിലും സാബു ഷണ്മുഖം തന്റെ നിരീക്ഷണങ്ങളിലും എന്റെ കവിതകളെ പറ്റി പറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും കവിതകള്‍സമഗ്രമായ പഠനങ്ങള്‍ക്ക് വിധേയമായിട്ടില്ല എന്നതാണ് വാസ്തവം. ഇത് എന്റേത് മാത്രമല്ല , മറ്റു പല പുതു മലയാള എഴുത്തുകാരും അഭിമുഖീകരിക്കുന്ന പ്രശ്നമാണ്. വളരെ നന്നായി കഥയെഴുതുന്ന അമല്‍ പിരപ്പന്‍കോട് തന്റെ ആദ്യ നോവല്‍ കല്‍ഹണന്‍ പ്രിന്റ്‌മീഡിയയില്‍ നേരിടുന്ന അവഗണനയെ പറ്റിയുള്ള ആകുലത പങ്കു വച്ചത് കഴിഞ്ഞ ദിവസമാണ്. അച്ചടി മാദ്ധ്യമങ്ങള്‍പിന്തുടര്‍ന്ന മുന്‍വിധികള്‍ആവാം ഒരു കാരണം. പത്രധിപന്മാര്‍ക്ക് ലഭിക്കുന്ന പുസ്തകങ്ങളുടെ ബാഹുല്യവും ഒരു പക്ഷെ മറ്റൊരു കാരണം ആവാം. ആക്കാദമിക് ആയ ചില താത്പര്യങ്ങളും മുന്‍വിധികളും ഗ്രൂപ്പുകളും ഒക്കെ പ്രിന്റ്‌മീഡിയയില്‍ പുതു എഴുത്തുകാര്‍ക്ക് അവഗണന സംഭവിക്കുന്നതിന് കാരണമാണ് എന്നു തോന്നുന്നു. ഈ അടുത്ത് ദേശാഭിമാനി വാരിക പുറത്തിറക്കി സൈബര്‍കവിത പതിപ്പ് ശ്രദ്ധേയമായത് സൈബര്‍എഴുത്തുകാര്‍അല്ലാത്ത ഒട്ടേറെ എഴുത്തുകാരുടെ സാന്നിദ്ധ്യം കൊണ്ടും വര്‍ഷങ്ങള്‍ആയി സൈബര്‍ഇടത്തില്‍എഴുതുന്ന പലരുടേയും അസാന്നിദ്ധ്യം കൊണ്ടുമാണ്. തിരഞ്ഞെടുപ്പിന്റെ മാനദണ്ടങ്ങള്‍ പലപ്പോഴും കവിതേതരവും കവിതാബാഹ്യവും ആവുന്നു എന്നതിന്റെ ഉദാഹരണമാണ് ഇത്തരം ശ്രമങ്ങള്‍.
10. ദ്വിഭാഷാ സാധ്യതകളെ മുന്നോട്ടു വയ്ക്കുന്ന താങ്കളുടെ
പുതിയ പുസ്തകം ടെക്വില യെക്കുറിച്ച് ഒരു വായനക്കാരനോട് എന്ന നിലയില്‍എങ്ങനെ
സംസാരിക്കുന്നു?
"ടെക്വില" എന്ന പുതിയ പുസ്തകം അതിന്റെ പണിപ്പുരയിലാണ്. ഒരു ദ്വിഭാഷാ പുസ്തകം എന്ന നിലയില്‍ ടെക്വീല ഒരേ സമയം ഒരു പുസ്തകത്തില്‍ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള അന്‍പത് കവിതകളുടെ സമാഹാരമാണ്. പ്രശസ്ത യുവ കവയിത്രി സന്ധ്യ എസ്. എന്‍ഈ കവിതകളുടെ മൊഴിമാറ്റം നടത്തുകയും മറ്റൊരു കവയത്രിയും ചിത്രകാരിയുമായ കൃഷ്ണ ദീപക് ഇല്ലസ്ട്രേഷന്‍ നിര്‍വഹിക്കുകയും ചെയ്ത ഈ പുസ്തകത്തില്‍ നോവലിസ്റ്റ്/കഥാകൃത്ത്/കവിയായ ശ്രീ. കരുണാകരന്‍ , എഴുത്തുകാരിയായ സ്മിത മീനാക്ഷി തുടങ്ങിയവരുടെ കുറിപ്പുകളും ഉണ്ട്. കവിതയുടെ പതിവ് സങ്കല്പങ്ങളില്‍ നിന്നും ഭാഷ, വിഷയ മുന്‍വിധികളില്‍നിന്നും വ്യത്യസ്ഥമായ ഒരു ശ്രമത്തെ ആണ് ടെക്വീല അടയാളപ്പെടുത്താന്‍ശ്രമിക്കുന്നത്.
25/05/2016 : മംഗളം വാരാന്ത്യം