രാജേഷ് ചിത്തിര Rajesh Chithira യുടെ കള്ളിമുള്ളിന്റെ ഒച്ച എന്ന കാവ്യസമാഹാരം വായിച്ചു കൊണ്ടിരിക്കെ ഒരു കവിതയിൽ കുത്തിത്തറഞ്ഞു നിന്നുപോയി.
***
' രണ്ടു വര്ഷത്തിനു ശേഷം
നാട്ടില് പോയപ്പോള്
ഒരു കള്ളിമുള്ചെടി കൊണ്ടുപോയി'
കഥയിലെ ഗദ്യം പോലെ വളരെ സ്വാഭാവികമായ തുടക്കം.
പതിവ് പോലെ മുത്തച്ഛനിരുന്നിരുന്ന, പൂമുഖത്തെ അതേ ചാരുകസേരയില് അച്ഛന്, ആരെയോ കാത്ത് എന്ന മട്ടില് ഇരിക്കുന്നുണ്ടായിരുന്നു. അച്ഛന്റെ അച്ഛനോടെന്നതുപോലെ ഈ മകനും അച്ഛനും തമ്മില് പറയുവാന് ഒന്നുമില്ലായിരുന്നു. അതിനാല് അച്ഛനിരുന്നിരുന്ന കസേരയ്ക്കരികില് ഒരു മണ്ചട്ടിയില് കള്ളിമുള് ചെടി നട്ടു വച്ചു. പകല് നേരം വെയില് രണ്ടുപേരോടും കശുലം പറയുന്നുണ്ടായിരുന്നു.
കവിതയുടെ പര്യവസാനത്തിനു തൊട്ടുമുമ്പുള്ള നാലു വരി ഇങ്ങനെ -
'കുറേക്കാലം കഴിഞ്ഞ് ഇടം മാറിയ
ഒരു മണല്ക്കൂനപോലെ
ഞാന് ആ കസേരയില് ഇരിക്കുകയുണ്ടായി.
വെയിലേറ്റ് തളര്ന്ന കഥകള് അയവിട്ടുകൊണ്ട്. '
കവിത അവസാനിക്കുന്ന വരികള് -
' ഇടയ്ക്ക് ഒരിക്കല്
ഒരു കള്ളിമുള് ചെടി
മരുഭൂമിയോട് എന്നോണം
ഒരു കള്ളിമുള് ചെടി
സൂര്യനോട് എന്നോണം
ഒരു കള്ളിമുള്ചെടി
അതിനോട് എന്നോണം
ഞാന് സംസാരിച്ചുതുടങ്ങി. '
എളുപ്പത്തിൽ ആർക്കും വിശദീകരിക്കാൻ തോന്നുന്ന ചില കാര്യങ്ങൾ ഇവിടെയുണ്ട് . വിനിമയങ്ങളറ്റ് മരുഭൂമിയായോ വെറും മുഴക്കമായോ മാറുന്ന മനുഷ്യൻ എന്ന ഒറ്റ വാചകത്തിൽ പറഞ്ഞവസാനിപ്പിക്കാം. അങ്ങനെ അവസാനിപ്പിക്കാവുന്ന ഒറ്റപ്രതലമുള്ള കവിതയല്ലിത്. (മലയാളഭാഷയിൽ അത്തരം ധാരാളം കവിതകൾ ഉണ്ടാകുന്നുണ്ട് എന്നും അറിയാം.) ഇത് മികച്ചൊരു കവിതയായിത്തന്നെ അനുഭവപ്പെട്ടു . കവിതകളിൽ ഇപ്പോൾ കവിത എത്ര കുറവാണ്. കവിതയാകാൻ പണ്ടു മുതലേ വിധിക്കപ്പെട്ട പദാവലി കൊണ്ട് രചിക്കപ്പെട്ട കനം നിറച്ച കവിതകൾ പലപ്പോഴും രസിക്കാറില്ല.
' പക്ഷികൾ
കുളിക്കാത്ത ജലത്തിൽ
രാത്രി
ചന്ദ്രൻ നീന്തൽ പഠിക്കുന്നു.'
ചെറിയവയിൽ നിന്ന്
ഒച്ച
' ഭൂമി കാതോർക്കുന്നു
ഒറ്റ വരയിൽ
അടക്കം ചെയ്ത
ഒച്ചിന്റെ ഒച്ച '
കവിതയാകാൻ എനിക്കിത്രയും മതി. നേരു പറഞ്ഞാൽ കവിതയാകൽ എത്ര പ്രയാസമുള്ള കാര്യമാണ്.
' ക്ലേശം' എന്ന പേരിലുണ്ടാരു കവിത ഈ സമാഹാരത്തിൽ.
കഥ പോലെ പുൽക്കൂട്ടത്തിൽ ഉപേക്ഷിക്കപ്പെട്ട ഒരു ഇരുമ്പു തുണ്ട് , അതിന്റെ രണ്ടു സാധ്യതകൾ. ഒന്നാം സാധ്യതയിൽ സ്വയം രാകി രാകി രാകി തുരുമ്പിൽ നിന്ന് വേർപെട്ട് കൊലപാതകത്തിൽ വരെ എത്തുന്നത്. രണ്ടാം സാധ്യതയിൽ തുരുമ്പായിരുന്നെങ്കിൽ മണ്ണിൽ ലയിക്കുമെന്നത്. വളരെ കുറച്ചു പറഞ്ഞു ഏറെ ധ്വനിപ്പിക്കുന്ന ഒരു അനുഭവം.
ചിലപ്പോൾ കവി കഥാകാരനായി മാറുന്നതിനാലാകും എനിക്കിത്ര ഇഷ്ടം. 'അപരിചിതനായ ഒരാൾ മരിച്ച വൈകുന്നേരം' എന്ന കവിത ഒന്നിലധികം മികച്ച കഥകൾക്കുള്ള പ്രചോദനമാണ്.
'ഈ മുറിക്കുള്ളിൽ
ഇന്നുവരെ താമസിച്ച
ഈ വീട്ടിൽ ഒപ്പമുണ്ടായിരുന്ന ആൾ തങ്ങൾക്ക് ഏറെ അപരിചിതനായ ഒരാളായിരുന്നെന്ന് ദുഃഖിച്ച അവർ അയാളുടേതായി അവശേഷിച്ചതെല്ലാം കെട്ടുകഥകളാണെന്ന്
പരസ്പരം സമാധാനിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട മുഖഭാവത്തോടെ അവരവരുടെ മുറികളിലേക്ക് പോയി.
ആ നേരത്ത് മരിച്ചു പോയ ആൾ ഞാനായിരുന്നില്ലേ എന്ന് എനിക്കും സംശയമായി.'
ഈ വരികൾ ഇനിയും ധാരാളം സാധ്യതകൾ ഉള്ളവയാണ്. എഴുതപ്പെട്ട വരികളിൽ നിന്നുള്ള തുടർച്ചകളാണ് ചിലപ്പോൾ കവിതയെ കവിതയാക്കി മാറ്റുന്നത്. (കഥകളും നോവലുകളും വാക്കുകളെ അമിതമായി ആശ്രയിക്കുന്നില്ലെന്നും പക്ഷെ കവിത വാക്കുകളിൽത്തന്നെ ചുറ്റിത്തിരിഞ്ഞു നിൽക്കുന്നവയാണെന്നും ചിലർ വിശ്വസിക്കുന്നുണ്ട്. ഞാനാ മതത്തിൽ വിശ്വസിക്കുന്നയാളല്ല!
കവിയേപ്പോലെ ധ്യാന മനസ്സോടെ വാക്കുകളെ സമീച്ചതിനാലാണ് വിജയൻ ഓ.വി.വിജയനായത്.
*****
കള്ളിമുള്ളിന്റെ ഒച്ച
കവിതകൾ
രാജേഷ് ചിത്തിര
ലോഗോസ് ബുക്സ്