Interview - Santhosh Elanthoor
Author Rajesh Chithira
Calendar 03 April 2023

* എഴുത്തിലേക്ക് എങ്ങനെയാണ് എത്തിപ്പെട്ടത്?

ചെറുപ്പത്തിൽ ഞങ്ങൾ മൂന്നു നാല് കൂട്ടുകാർ ചേർന്ന് ഒരു കയ്യെഴുത്തുമാസിക നടത്തിയിരുന്നു. കുറെ മാസങ്ങൾ. അതിൽ ചില ലക്കങ്ങളിൽ പേജുകൾ തികയ്ക്കാനാവാതെ സ്ഥലം ബാക്കിയാകും. ആ ഇടത്തെ പൂർണ്ണമാക്കാൻ കവിതകൾ എഴുതി തുടങ്ങിയതാണ്. പിന്നെ ചില കഥകളും. അത് സ്‌കൂൾ കാലമാണ്. കുറെ നാൾ പിന്നെ ഒന്നും എഴുതാതിരുന്നു. വർഷങ്ങൾക്ക് ശേഷം അബുദാബിയിലെത്തി അവിടെ താമസിച്ചു തുടങ്ങിയപ്പോൾ ആണ് വീണ്ടും എഴുതുന്നത്. അപ്പോഴേക്കും ആദ്യകാലത്തിൽ  നിന്നും ഇരുപത്തിയഞ്ചു വർഷം  കഴിഞ്ഞിട്ടുണ്ടാകണം. ഒരു പലസ്തീനിയുടെ വീട്ടിലെ ഒരു മുറി പങ്കിട്ടായിരുന്നു അബുദാബിയിലെ താമസം . ഒരു ജനാല മാത്രമാണ് പുറത്തേക്കുള്ളത്. അതിലൂടെ കാണുന്ന കാഴ്ചകൾ എഴുതിയാണ് തുടങ്ങിയത്. ആ മനുഷ്യന്റെ ജീവിതത്തിലെ അനിശ്ചിതത്വങ്ങൾ എന്റെ രാഷ്ട്രീയത്തെ പോലും സ്വാധീനിച്ചിട്ടുണ്ട്. 

അക്കാലം ബ്ലോഗിന്റെ തുടക്കമാണ്. ബ്ലോഗർ ആയി എഴുതി തുടങ്ങി. സ്വന്തം പേര് വെളിപ്പെടുത്താതെ, മഷിത്തണ്ട് എന്നൊരു പേരിൽ. പിന്നെ പിന്നെ സ്വയം വെളിപ്പെട്ടു. സ്വന്തം പേരിൽ എഴുതാൻ തുടങ്ങി. ചെറുപ്പത്തിൽ വായിച്ചു തീർത്ത പുസ്തകങ്ങൾ തന്നതാണ് എന്റെ ഭാഷ. ജീവിച്ചു തീർത്ത അനുഭവങ്ങളുടെ തുടർച്ചയാണ്, മറ്റൊരു കാഴ്ചയാണ് ആ ഭാഷയിൽ എഴുതിച്ചേർക്കപ്പട്ട ഭാവനയുടെ ലോകം. കുടിയേറ്റക്കാരനായി മധ്യപൗരസ്ത്യ ദേശത്തെ മൂന്നിലധികം രാജ്യങ്ങളിൽ ജീവിക്കാനായത്, ദൂരെ ഇരുന്നു നാടിനെ കാണാനായത്, ഇതൊക്കെ എഴുതാൻ പ്രേരിപ്പിക്കുകയും എഴുത്തിനെ സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്.

* കവിതാ സമാഹാരം, കഥാസമാഹാരം... ഇപ്പോൾ ബാലസാഹിത്യ നോവലിലും എത്തിച്ചേർന്നിരിക്കുന്നു. കവിത എഴുതുമ്പോഴാണോ, കഥ എഴുതുമ്പോഴാണോ, നോവൽ എഴുതുമ്പോഴാണോ കൂടുതൽ സംതൃപ്തി കിട്ടിയിട്ടുള്ളത്?

എഴുതാൻ  തോന്നുന്ന വിഷയങ്ങളെ അവതരിപ്പിക്കാനുള്ള ഒരു മാധ്യമം മാത്രമായാണ് എഴുത്തിന്റെ വിവിധ രൂപങ്ങളെ കാണുന്നത്. കവിത, കഥ, നോവൽ ഒക്കെ ആ വിഷയത്തിനനുസരിച്ച് തിരഞ്ഞെടുത്തതാണ്. ചില പ്രമേയം കവിതയിൽ ഒതുങ്ങുന്നില്ല എന്ന് തോന്നിയതുകൊണ്ട് കഥയായി എഴുതി പോയതാണ്. ബാലസാഹിത്യ നോവലും അങ്ങനെ വന്നു പോയതാണ്. ഏത് രീതിയിൽ എഴുതിയാലും നമ്മുടെ ഉള്ളിലെ ചില അവസ്ഥകളെ, ചുറ്റുമുള്ള സാഹചര്യങ്ങളെ, നമ്മുടെ ഭാവനയുടെ  ചില അടരുകളെ എഴുതിത്തിതീരുമ്പോൾ സംതൃപ്തിയേക്കാൾ ഉപരി സന്തോഷം തോന്നാറുണ്ട്. ഒരു റിലീവിങ് ഫീൽ. ചിലത് കുറെ നാളുകൾക്ക് ശേഷം വായിച്ചു നോക്കുമ്പോൾ കൂടുതൽ നന്നാക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. അല്ലെങ്കിൽ ആ തോന്നലിലെ മറ്റൊരിടത്ത് ഉപയോഗിക്കാം എന്ന് കരുതി സൂക്ഷിച്ചു വച്ചിട്ടുണ്ട്.

* കഥകളുടേയും, കവിതകളുടേയും പഠനങ്ങൾ  ജേർണലുകളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടല്ലോ. ഒരു യഥാർത്ഥ പഠനം നടത്തുന്ന ആളിന്റെ ദൗത്യം എന്താണ്?

പഠനങ്ങളെ അതിന്റെ അക്കാദമിക് തലത്തിൽ നിന്ന് കാണാൻ ശ്രമിക്കുന്ന ഒരാളാണ് ഞാൻ. എഴുത്തിന്റെ രീതിയിലെ സൂക്ഷ്മ വശങ്ങൾ, പ്രമേയങ്ങളുടെ സാദ്ധ്യതകൾ ഇതൊക്കെ വിമർശനാത്മകമായി ഒരാൾ വായിക്കുന്നതിന്റെ കൗതുകം കൂടി ഇതിലുണ്ട്. ഓരോ പഠനത്തിലും അത് നിർവഹിക്കുന്ന ആളിന്റെ സാഹിത്യ താത്പര്യങ്ങൾ കൂടി കടന്നു വരാറുണ്ട്. ഒരാൾ നമ്മൾ എഴുതിയ ഒരു കഥയെ, കവിതയെ അതിന്റെ ശരിയായ അർത്ഥത്തിൽ വായിക്കാൻ ശ്രമിക്കുന്നതിന്റെ ആനന്ദമുണ്ടല്ലോ. അത് ഇടയ്ക്ക് വീണു കിട്ടുന്ന സന്ദർഭങ്ങളാണ് ഇത്തരം പഠനങ്ങളുടെത്.

മലയാളത്തിൽ ഒരു വർഷം കുറഞ്ഞത്  500  കവിതകൾ അച്ചടിക്കപ്പെടുന്നുണ്ട് മുഖ്യധാരാ വാരികകളിലൂടെ. കഥകൾ  250 എണ്ണം വരുന്നുണ്ടാകണം. ഇതിൽ എല്ലാം വായനക്കാരനിലേക്ക് എത്തുന്നില്ല. അതിനുള്ള സാഹചര്യങ്ങൾ കുറവാണല്ലോ. വായനാനുഭവം അല്ലെങ്കിൽ പഠനം നിർവഹിക്കുന്ന ഒരാൾ ചെയ്യുന്നത് ഒരുപക്ഷെ ശ്രദ്ധ കിട്ടാതെ പോകുമായിരുന്ന ഒരു എഴുത്തിനെ കൂടുതൽ വായനക്കാരിലേക്ക് എത്തിക്കുകയാണ്. അയാളുടെ സൗഹൃദങ്ങളും വ്യക്തി താത്പര്യങ്ങളും ആ പ്രവൃത്തിയുടെ മെരിറ്റിനെ ഇടിച്ചു താഴ്ത്തുന്നതാണെങ്കിൽ  സ്വാഭാവികമായും വായനക്കാരൻ അയാളുടെ വാക്കുകളെ  വില വയ്ക്കാതെയാവും. ഇത് മലയാളത്തിലെ വിമർശന പ്രസ്ഥാനത്തെ ബാധിച്ചിട്ടുണ്ട് എന്നാണു ഞാൻ മനസിലാക്കുന്നത്. എന്നാൽ ഒരുപാടു കാലങ്ങൾക്ക് ശേഷം ഒരാൾ നമ്മുടെ എഴുത്തിനെ വീണ്ടെടുക്കാനുള്ള ഒരു വഴി ഒരു പഠനമാവില്ല എന്ന് ആര് കണ്ടു.

* ആദി & ആത്മയിൽ ഉണ്ട് എന്ന് പറയപ്പെടുന്ന എഴുത്തുകാരന്റെ രാഷ്ട്രീയ നിലപാടുകളെ പറ്റി ?

ആദി & ആത്മയിൽ എന്റെ രാഷ്ട്രീയമുണ്ട്. അത് പക്ഷെ ആദിയും ആത്മയും അല്ലെങ്കിൽ ആ പ്രായത്തിലുള്ള കുട്ടികൾ പുലർത്തണം എന്ന് നമ്മുടെ പൊതുരാഷ്ട്രീയ ബോധം പിന്തുടരുന്ന കക്ഷി രാഷ്ട്രീയമല്ല. ആദിയും ആത്മയും കാണുന്ന കാഴ്ചകളെ പറ്റി  അവർക്ക് സന്ദേഹങ്ങളുണ്ട്. ആ സന്ദേഹങ്ങൾക്ക് ഉത്തരം കൊടുക്കാൻ  ഞാൻ ശ്രമിച്ചിട്ടില്ല. ആദിയും ആത്മയും കണ്ടത് പറയുക എന്നത് മാത്രമാണ് ആ പുസ്തകത്തിലൂടെ ശ്രമിച്ചിട്ടുള്ളത്.  രാഷ്ട്രീയ പ്രത്യയശാസ്ത്ര ബോധങ്ങളും ബോധ്യങ്ങളും മനുഷ്യന്റെ ആന്തരികവും ബാഹ്യവുമായ വളർച്ചയ്ക്കനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നുണ്ട്. ഇവോൾവിങ്ങ് ആയ ഒന്ന്. സംസ്കാരങ്ങൾ മാറുന്നത് പോലെ മാറ്റപ്പെടുന്ന ഒന്ന്. അത് സ്വാഭാവികമായി ഉണ്ടാവേണ്ടതാണ്. അത്തരം ബോധങ്ങളെയും ബോധ്യങ്ങളെയും സൃഷ്ടിച്ചെടുക്കാൻ അവരെ സഹായിക്കുക എന്നതാവണം രക്ഷിതാക്കളൂം അധ്യാപകരും സാംസ്‌കാരിക നായകരും ചെയ്യേണ്ടത്. ആ ബോധ്യങ്ങളിൽ നിന്ന് മെച്ചപ്പെട്ടത് തിരഞ്ഞെടുക്കാനുള്ള സാധ്യതകളെ ഒരുക്കാൻ കുട്ടികളെ സഹായിക്കാൻ സമൂഹത്തിനു കഴിയണം. അത്തരം ഓർ പേരന്റിംഗിനെ, ആ പേരന്റിംഗിനോടു ചേർന്ന് നിൽക്കുന്ന സാമൂഹിക സാഹചര്യങ്ങളെ സൃഷ്ടിക്കാനാണ് ഈ പുസ്തകത്തിൽ ശ്രമിച്ചിട്ടുള്ളത്. 

എന്താണ് രാഷ്ട്രീയം എന്നാണ് നമ്മൾ നമ്മളുടെ കുട്ടികളെ പഠിപ്പിക്കുന്നത്? മൂന്നും നാലും വയസുള്ള കുട്ടികളെ ജാതി മത സംബന്ധിയായ ആഘോഷങ്ങളിൽ പങ്കെടുപ്പിച്ചു കാണാറുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ കൊടി പിടിപ്പിച്ച് ഫോട്ടോ എടുക്കാറുണ്ട്. അത് രക്ഷിതാക്കൾ ചെയ്താലും ആരാണ് അവർക്ക് അതിന് അധികാരം കൊടുത്തത്. കുട്ടി രക്ഷിതാവിന്റെ സ്വകാര്യ സ്വത്തതാണെന്നും അവനെ തന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്ര നിലപാടിന് അനുസരിച്ചു വളർത്തേണ്ടതാണെന്നും വിശ്വസിക്കുന്ന രക്ഷിതാക്കൾ ഉള്ള നാടാണ് നമ്മുടേത്. തങ്ങൾക്ക് ചുമക്കാൻ പറ്റാതെ പോയ ജാതിവാൽ മക്കളുടെ പേരിനു കൂടെ ചേർത്ത് വയ്ക്കുന്നവർ. ശരിക്കും കുട്ടികളുടെ അവകാശങ്ങളെ പറ്റി , വളർന്നു വരുമ്പോൾ ഒരു സിവിൽ സൊസൈറ്റിയിൽ അവൻ ജീവിക്കേണ്ട, പെരുമാറേണ്ട രീതികളെ പറ്റി  ആദ്യം ബോധവൽക്കരിക്കേണ്ടത് മാതാപിതാക്കളെ ആണ്.

* ഇന്ത്യക്ക് പുറത്ത് താമസിക്കുന്ന കുട്ടികളെ കുറിച്ച് ആരും എഴുതി കണ്ടിട്ടില്ല. ആദി ആൻഡ് ആത്മ പ്രവാസ ലോകത്തെ കുട്ടികളുടെ നേർകാഴ്ചകൾ ആണല്ലോ..

 എഴുപതോളം വർഷമായ ഗൾഫ് കുടിയേറ്റം അതിന്റെ ഏറ്റവും വലിയ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. അത് ഒരു കുടിയേറ്റക്കാരന്റെ  വിദ്യാഭ്യാസം, സാങ്കേതിക പരിജ്ഞാനം, ഭാഷയനൈപുണ്യം തുടങ്ങി സമസ്ത മേഖലകളിലെയും അടിസ്ഥാന യോഗ്യതകളിൽ  പൊളിച്ചെഴുത്ത് നടത്തുന്നു. മുന്പ് അത് സ്വദേശിവത്കരണം മൂലമായിരുന്നെങ്കിൽ  കോവിഡാനന്തരം അത് നമ്മുടെ ജീവിതത്തിൽ , കച്ചവടത്തിന്റെ രീതിയിൽ  വന്ന മാറ്റത്തിലൂടെയുമാണ്. ഇതിൽ പ്രസക്തമായ മറ്റൊന്ന് നമ്മുടെ കൂടിയേറ്റത്തിന്റെ റിവേഴ്സ് ആരംഭിച്ചു എന്നതാണ്. ആഗോള സാമ്പത്തിക മാന്ദ്യം, തൊഴിലവസരങ്ങളിൽ വന്ന മാറ്റം, ഇന്ധന വില, ഇങ്ങനെ പല കാരണങ്ങൾ  അതിലുണ്ട്. ഈ തിരിച്ചു പോക്ക് പലപ്പോഴും കുട്ടികളെയും സ്ത്രീകളെയും കൂടുതലായി ബാധിക്കുന്നുണ്ട്. അത് മാനസികമാണ്. കുട്ടികളിലെ എക്സ്പാറ്റ് ചൈൽഡ്  സിൻഡ്രോം  മുന്പ് നമ്മൾ അധികം സംസാരിക്കാത്ത വിഷയമായിരുന്നു എങ്കിൽ  ഇപ്പോൾ  അത് ഒരു യഥാർഥ്യമാണ് . കുട്ടികളുടെ മടങ്ങിപ്പോക്ക് നമ്മുടെ എഴുത്തിൽ അധികം വായിച്ചു കാണാത്ത ഒന്നാണ്. സോണിയ റഫീക്കിന്റെ ഹെർബെറിയത്തിൽ അത് ചെറിയ രീതിയിൽ പറഞ്ഞു പോവുന്നുണ്ട്. ഈ വിഷയമാണ് ആദി & ആത്മ പറയുന്നത്. അവർ ഒരു മടക്കയാത്രയ്ക്ക് തയ്യാറെടുക്കുന്നു. ആ തയ്യാറെടുപ്പിൽ രണ്ട്  ഇടങ്ങളെയും പറ്റി, ആ ഇടങ്ങളുടെ പ്രത്യേകതകളെ പറ്റി ചർച്ച ചെയ്യുന്നു. രണ്ട് ഇടങ്ങളിലെയും ജീവിതത്തെ പറ്റിയുള്ള അവരുടെ കാഴ്ചപ്പാടുകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. അതിൽ  ചുറ്റുമുള്ള ജീവിതവും അനുഭവിച്ച ജീവിതവുമുണ്ട്. അവയുടെ ഭാവനാത്മകമായ ചിത്രീകരണമുണ്ട്. പേരന്റിങ്ങിനെ സംബന്ധിച്ച ചില കാഴ്ചപ്പാടുകൾ കൂടി കൈമാറാൻ  ശ്രമിക്കുന്നുണ്ട്. എല്ലാം രണ്ട് കുട്ടികളുടെ കണ്ണിലൂടെയാണ് പറയാൻ ശ്രമിച്ചത്.

* ബാലസാഹിത്യ കൃതികളിൽ പൊതുവെ പ്രതീക്ഷിക്കുന്നത് കുട്ടികൾക്കുള്ള ഗുണപാഠങ്ങളാണ്. തിന്മയ്ക്ക് മീതെ ഉണ്ടാവേണ്ട നന്മയുടെ വിജയത്തെ പറ്റിയൊക്കെ പ്രതീക്ഷിക്കാറുണ്ട്. ആദി & ആത്മയിൽ അങ്ങനെ പ്രത്യക്ഷത്തിലുള്ള ഗുണപാഠങ്ങൾ ഇല്ലല്ലോ?

നമ്മുടെ മതഗ്രന്ഥങ്ങളും ഗുണപാഠകഥകളും നൂറ്റാണ്ടുകളായി ശ്രമിക്കുന്നത് നല്ല മനുഷ്യരെ മാത്രം സൃഷ്ടിക്കാനാണ്. നന്മ പുലരുന്ന ഒരു ലോകത്തെ നിർമ്മിക്കാനാണ്. ഏത് കഥയിലും ഒരു ഗുണപാഠമുണ്ടാകും എന്നതാണ് ഭൂരിപക്ഷം വായനക്കാരും കരുതുന്നത്. അവർ കരുതുന്നത് ഒരു കഥയിൽ ഒരു കഥ വേണം എന്നാണ്. ആ കഥയ്ക്ക് ഒരു ഗുണപാഠവും വേണം. കഥയും ഗുണപാഠവും ഇല്ലാത്ത ഒരു കഥയാണ് ആദി & ആത്മ. ഇതിൽ ചീത്ത നന്മ എന്നൊന്നില്ല. നിങ്ങൾ എന്ത് കാണുന്നുവോ കണ്ടതിനെ എങ്ങനെ കാണുന്നുവോ അതാണ് നല്ലതിനെയും ചീത്തയെയും വേർതിരിക്കാൻ നിങ്ങൾക്കുള്ള വഴി. ഏതാണ് ശരി, എന്ത് കൊണ്ടാണ് അത് ശരി എന്നതിലേക്കുള്ള ഒരു അന്വേഷണത്തിന്റെ സാധ്യത തിരയുകയാണ്. ഓരോ വാക്കിലും വസ്തുവിലും സ്ഥലത്തിലും ഇതിൽ കൂടുതൽ കണ്ടെത്താനുള്ളത് ബാക്കിയുണ്ട് എന്ന് ഒരു സന്ദേശം ആദിയിലുണ്ട് എന്ന് തോന്നുന്നു.

ഒരു തരത്തിൽ  ആദി & ആത്മ ഒരു ബാലസാഹിത്യ കൃതിയല്ല. എന്ത് കൊണ്ട് എന്നല്ലേ? അത് നമ്മുടെ ചില മുൻവിധികളോടുള്ള പ്രതികരണമാണ്. ഒരു കുട്ടി വായിക്കേണ്ടത് എന്തെന്നുള്ള ചില മുൻവിധികൾ നമുക്കുണ്ട്. അതെ സമയം മുതിർന്നവർ എന്ത് വായിക്കണം എന്നതിനെ പറ്റിയും നമുക്ക് ചില ധാരണകൾ ഉണ്ട്. പക്ഷെ ഈ ധാരണകൾ എങ്ങനെ നിർമ്മിക്കപ്പെട്ടതാണ്. ആരുടേതാണ് അല്ലെങ്കിൽ എന്ത് അടിസ്ഥാനത്തിൽ സൃഷ്ടിക്കപ്പെട്ടതാണ് ഈ ധാരണകൾ ? 9  വയസുള്ള ഒരു കുട്ടിക്ക് ദാർശനികമായ പുസ്തകങ്ങൾ  വായിച്ചാസ്വദിക്കാൻ കഴിയില്ല എന്ന് മുതിർന്ന ഒരാൾ കരുതുന്നത് എന്ത് അടിസ്ഥാനത്തിലാണ്?. 14-16  വയസുള്ള ഒരു കുട്ടിയുടെ ചിന്തകൾ ഏതെല്ലാം ആകാശങ്ങളിലൂടെയാണ് വ്യാപാരിക്കുന്നത് എന്ന് ലോകം എങ്ങനെയാണ് മുൻവിധിപ്പെടുന്നത് ? എനിക്ക്  തോന്നുന്നത് മുൻവിധികൾ ഇല്ലാത്ത മുപ്പതോ നാൽപ്പതോ  അറുപതോ വയസുള്ള ഒരു വായനക്കാരന് കൂടി വായിക്കാനുള്ള പുസ്തകമാണ് ഇതെന്നാണ്. എന്റെ ആ തോന്നൽ ശരിയെന്ന്  ഈ പുസ്തകം വായിച്ചവരുടെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നു.

* പ്രവാസി എഴുത്തുകാർ എന്ന പ്രയോഗം അപ്രസക്തം അല്ലെ? സർഗ്ഗ ശക്തിയും, ഭാവനയുമുള്ളവർ എവിടെയിരുന്ന് എഴുതിയാലും എഴുത്തുകാരൻ എന്നല്ലെ പറയണ്ടത്. ഇതിനെ കുറിച്ച് ഒന്നു വിശദീകരിക്കാമോ?

 dia speiro എന്ന ഗ്രീക്ക് വാക്കിൽ നിന്നും വന്ന ഡയസ്പോറ എന്ന വാക്കിൽ നിന്നാവണം നമ്മൾ പ്രവാസി എന്ന വാക്കിനെ കണ്ടെത്തിയത്. അത് ബാബിലോണിയൻ കാലത്ത് ചിതറപ്പെട്ട ജൂതരെ പ്രതിനിധാനം ചെയ്യുന്ന വാക്കാണ്  എന്നു വായിച്ചിട്ടുണ്ട്. എന്നാൽ ഹിറ്റ്ലറുടെ കാലത്ത് പ്രണഭയത്താൽ പലായനം ചെയ്ത ജൂതരെ എമിഗ്രി എന്നാണ് പല പുസ്തകങ്ങളിലും വിശേഷിപ്പിച്ചു കാണുന്നത്. മലയാളി വിവിധ രാജ്യങ്ങളിലേക്ക് നടത്തിയ കുടിയേറ്റത്തെ ആണ് നമ്മൾ പ്രവാസം എന്നു വിളിക്കാൻ  ഇഷ്ടപ്പെടുന്നത്. അത് ഗൾഫ് നാടുകളിലേക്കുള്ള താൽക്കാലിക കുടിയേറ്റമാണ്. ലീഗൽ ഇമിഗ്രേഷൻ. അത് കുടിയേറ്റമാണ്. അങ്ങനെ കുടിയേറ്റ ജീവിതം നടത്തുന്ന മനുഷ്യരുടെ സാഹിത്യ പ്രവർത്തനത്തെയാണ് പ്രവാസ സാഹിത്യം എന്നു നമ്മൾ വിളിക്കുന്നത്. എന്നാൽ ഞാൻ അതിനെ തികച്ചും അക്കാദമിക് ആയ ഒരു രേഖപ്പെടുത്തൽ ആയാണ് കാണുന്നത്. ഒരു പ്രത്യേക ഇടത്തിരുന്നു  സാഹിത്യ പ്രവർത്തനം നടത്തുന്ന ആളുകളെ സൂചിപ്പിക്കാനല്ല മറിച്ച് പ്രവാസ സംബന്ധിയായ വിഷയങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയെ സൂചിപ്പിക്കാനാവണം പ്രവാസ സാഹിത്യം എന്നു വിളിക്കേണ്ടത്. അത്തരം വിഷയങ്ങൾ  എഴുതുന്ന ഒരാളുടെ സ്ഥാനം എവിടെയും ആവാം. അയാൾ കുടിയേറ്റ ഭൂമികയിൽ  തന്നെ ജീവിക്കണം എന്നില്ല. ഉദാഹരണത്തിന് സൌദിയിലെ ജീവിതം നോവൽ ആയി എഴുതിയ എം. മുകുന്ദൻ ഒരു ഗൾഫ് പ്രവാസി ആയിരുന്നില്ല. പ്രവാസത്തെ  പറ്റി അടുത്തിടെ ലേഖനങ്ങൾ  എഴുതിയ രാഹുൽ രാധാകൃഷ്ണൻ  നാട്ടിലിരുന്നാണ് ആ ലേഖനങ്ങൾ എഴുതിയത്. അനുഭവിച്ച ജീവിതം, അതിന്റെ ജൈവികത എന്നിങ്ങളെ സൂക്ഷ്മ വായനകളിലേക്ക് കടക്കുമ്പോൾ  അനുഭവിച്ചതും കേട്ടെഴുതുന്നതും തമ്മിൽ ചില വ്യത്യാസങ്ങൾ  ഉണ്ടാകാം. ചില വിഷയങ്ങളെ ആഴത്തിൽ  അറിയാൻ കുടിയേറ്റക്കാരനായി ജീവിക്കേണ്ടത് ആവശ്യമാകാം. പ്രത്യേകിച്ചും അതിന്റെ മന:ശ്ശാസ്ത്രപരമായ കാഴ്ചപ്പാടുകൾ. പൊതുവിൽ  പറഞ്ഞാൽ പ്രവാസ സാഹിത്യം എഴുതുന്ന, അത് പഠിക്കുന്ന ഒരാൾ പ്രവാസി /കുടിയേറ്റക്കാരൻ ആവണം എന്ന് ഒരു നിർബന്ധവുമില്ല. ഈ ഇടത്ത് ജീവിക്കുന്ന എല്ലാവരും എഴുതുന്നത് പ്രവാസ സാഹിത്യവുമല്ല. പലതും കേരളത്തിന്റെയും ഇന്ത്യയുടെയും ജീവിതവും ഗൃഹാതുരതയും സമകാലീന ജീവിതവും ഒക്കെ ആണ്. ഇവിടെ ഇരുന്ന് ഒരാൾ എഴുതി എന്നു വച്ച് അതെങ്ങനെ പ്രവാസ സാഹിത്യമാവും? ജീവിക്കുന്ന ഇടത്തെ എഴുതാനാവണം. ഡയസ്പോറ സാഹിത്യത്തിൽ ഏറ്റവും പ്രസക്തമായ രണ്ട് ധാരകൾ നാസിക്കാലത്ത് ജർമ്മനി ഉപേക്ഷിച്ച് പലായനം ചെയ്തവരും റഷ്യൻ വിപ്ലവാനന്തരം രാജ്യമുപേക്ഷിക്കേണ്ടി വന്ന കമ്യൂണിസ്റ്റ് വിരുദ്ധരുമായ കൂട്ടായ്മകളുടെ സാഹിത്യമാണ്. നമ്മുടെ കുടിയേറ്റ സാഹിത്യത്തിന് പറയാനുള്ളത് ജൂംപ ലാഹിരി, ഡേവിഡ് ഡിയോ ഒക്കെ പറയുന്ന തരം പ്രവാസത്തിന്റെ പ്രശ്നങ്ങളാകും


* പ്രവാസ ജീവിതത്തിൽ അവിടെയുള്ള സാഹിത്യ കൂട്ടായിമയെ കുറിച്ച് എന്തു പറയുന്നു. എഴുത്തുകാർക്ക് ഗുണകരമാകുന്നുണ്ടോ ഈ വേദികൾ?

 വ്യക്തിപരമായി ഞാൻ പ്രവാസ സാഹിത്യ കൂട്ടായ്മകൾക്ക് പുറത്തു നിൽക്കുന്ന ഒരാളാണ്. അത് പ്രവാസത്തിൽ  മാത്രമല്ല നാട്ടിലും ഉള്ള സംഘടനകളിൽ നിശബ്ദനായോ പുറത്തോ നിൽക്കാൻ ഇഷ്ടപ്പെടുന്നു. കൂട്ടായ്മകൾ പലപ്പോഴും സജീവഅംഗങ്ങളുടെ താത്പര്യങ്ങൾക്ക്  വേണ്ടിയാണ്. അവരുടെ അടയാളപ്പെടലുകളും അടയാളപ്പെടുത്തലുകൾക്കും വേണ്ടിയാണ്. സംഘടിതമായ ഏത് രൂപത്തിനും ഉള്ള ഫാസിസ്റ്റ് രീതി ഈ കൂട്ടായ്മകൾക്കും ഉണ്ടാവുക സ്വാഭാവികമാണ്. അത് വ്യക്തികൾക്ക് വേണ്ട പരിഗണന കിട്ടാത്ത ഇടങ്ങളാണ്. എന്നാൽ ഇത്തരം കൂട്ടായ്മകൾ കുടിയേറ്റ എഴുത്തുകാർക്ക് ആവശ്യവുമാണ്. ഒരാൾക്ക് ഒറ്റയ്ക്ക് സംഘടിപ്പിക്കാനാവാത്ത  പലതും ഒരു സംഘടനയ്ക്ക് ചെയ്യാനാവും. അത് എത്രത്തോളം മെറിറ്റോറിയസ് ആണെന്നത് സംഘടനകൾ  ചിന്തിക്കേണ്ട വിഷയമാണ്. വ്യക്തിപരമായി ഞാൻ ജീവിക്കുന്ന ഇടത്തെ സാഹിത്യ കൂട്ടായ്മകളെക്കാൾ  കുറച്ചു കൂടി ആർജ്ജവം ഉള്ളതായി തോന്നിയത് ദോഹയിലെയും സൌദിയിലെയും കൂട്ടായ്മകൾ ആണ്. അവർ ചെയ്യുന്ന ചർച്ചകളും ഇടപെടലുകളും ദൂരത്ത് നിന്നു കാണുന്ന ഒരാളുടെ തോന്നാലാവമത്. പ്രവാസ സാഹിത്യ സംഘടനകൾ, കൂട്ടായ്മകൾ അതത് സാഹിത്യ മേഖലകളിലെ ലോക ചലനങ്ങൾ, എഴുത്തിലെ പുതിയ രീതികൾ ഒക്കെ ശ്രദ്ധാപൂർവം വീക്ഷിക്കുകയും അത് ചർച്ചകൾക്ക് വിധേയമാക്കുകയും ചെയ്യേണ്ടതുണ്ട് എന്നു തോന്നുന്നു. അങ്ങനെ ഒന്ന് ഈ കൂട്ടായ്മകളിൽ  സംഭവിക്കുന്നുണ്ടോ എന്ന്  അറിയില്ല.

 * സോഷ്യൽ മീഡിയ സർഗാത്മക എഴുത്തുകാരെ സംബന്ധിച്ച് ഗുണപ്രദമാണോ? 

സോഷ്യൽ മീഡിയ എഴുത്തിന്റെ ജനാധിപത്യവത്കരണത്തെ സഹായിച്ചിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. ഒരു പരിധി വരെ ഏറ്റവും കൂടുതൽ സ്വജനപക്ഷപാതവും വ്യക്തിപരിഗണനകളും നിലവിലുള്ള എഴുത്തുകാരന് വേണ്ടത്ര പരിഗണന നൽകാത്ത ഒരു മേഖലയായാണ് ഞാൻ മലയാളത്തിലെ അച്ചടി മാധ്യമങ്ങളെ നോക്കിക്കാണുന്നത്. മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ  നിരസിച്ച ചില സാഹിത്യ കൃതികൾ സോഷ്യൽ മീഡിയയിൽ വായിച്ച് അതിശയിച്ച ഒരാൾ എന്ന നിലയിലാണ് ഞാൻ ഇത് പറയുന്നത്. കഴിഞ്ഞ പതിനഞ്ചു വർഷത്തിനിടയിലെ എഴുത്തുകാരെ നോക്കൂ, ബ്ലോഗിൽ ഒക്കെ എഴുതി തങ്ങളെ അടയാളപ്പെടുത്തിയ പലരുമാണ് പിന്നീട് അച്ചടി മാധ്യമങ്ങളിൽ ഇടം കിട്ടിയവർ.  കല്യാണിയുടെയും ദാക്ഷായണിയുടെയും കത, എച്ചുമുകുട്ടിയുടെ  എഴുത്തുകൾ, എങ്ങനെ പല കൃതികളും സോഷ്യൽ മീഡിയയിലാണ് ആദ്യം ആഘോഷിക്കപ്പെട്ടത്. കവിതയിലെ വരേണ്യതയെ  തള്ളിപ്പറഞ്ഞതും കവിതയെ പരീക്ഷണോന്മുഖമാക്കിയതും സോഷ്യൽ മീഡിയയാണ്. എഴുത്തുകാരുടെ ഏറ്റവും വലിയ മാർക്കറ്റിങ് ടൂൾ കൂടിയാണ് സോഷ്യൽ മീഡിയ. തന്റെ പുസ്തകങ്ങളെ പറ്റി  ലോകത്തിന്റെ ഏതോ കോണിൽ ഇരിക്കുന്ന ഒരു വായനക്കാരൻ പറഞ്ഞ വാക്കുകൾ ലോകപ്രശസ്ത എഴുത്തുകാരൻ പോലും കണ്ടെടുക്കുന്നതും പങ്കു വയ്ക്കുന്നതും നമ്മൾ കണ്ടു കൊണ്ടിരിക്കുകയാണ്. 

എന്നെപ്പോലെ മറ്റൊരു രാജ്യത്ത് താമസിക്കുന്ന, മലയാളത്തിലെ മുഖ്യധാരാ സാഹിത്യ മാധ്യമങ്ങളുമായി അത്ര അടുത്ത് ബന്ധമില്ലാത്ത ഒരു എഴുത്തുകാരനെ മറ്റേതോ ഇടത്ത്, അല്ലെങ്കിൽ ലോകത്തിന്റെ ഏതോ കോണിലുള്ള രാജ്യത്തിരുന്നു വായിക്കാൻ ഒരു വായനക്കാരന് സാധ്യമാകുന്നതിന്റെ ഒരു കാരണം സോഷ്യൽ മീഡിയ ആണ് എന്നതാണ് ഈ മാധ്യമത്തിന്റെ പ്രസക്തി. ഞാൻ അങ്ങനെയാണ് മറ്റ്‌  പല രാജ്യങ്ങളിലും ഇരുന്ന് പല ഭാഷകളിൽ എഴുതുന്ന എഴുത്തുകാരിലേക്ക് എത്തപ്പെട്ടത്. ഇന്ന് ഏറ്റവും കൂടുതൽ ആരാധകരുള്ള, ഏറ്റവും കൂടുതൽ കോപ്പികൾ വിറ്റഴിയ്ക്കപ്പെടുന്ന പുസ്തകങ്ങളുടെ എഴുത്തുകാരിൽ ചിലർ ഇൻസ്റ്റാഗ്രാമിൽ ഒറ്റവരി കവിതകൾ എഴുതിയിരുന്നവരാണ്.


* ഒരു എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള ബന്ധം എങ്ങനെയുള്ളതായിരിക്കണം?

നിരന്തരം പുതുക്കപ്പെടേണ്ട ഒന്നാണ്  എഴുത്ത് എന്നാണ് എന്റെ തോന്നൽ. എഴുത്തുകാരൻ ഓരോ നിമിഷവറും തന്നെ തന്നെ പുതുക്കാൻ ശ്രമിക്കുമ്പോഴാണ് വായന ഒരു പുത്തൻ അനുഭവമാകുന്നത്. ഈ പുതുക്കൽ അയാൾ തിരഞ്ഞെടുക്കുന്ന വിഷയങ്ങൾ, ആ വിഷയങ്ങളെ അവതരിപ്പിക്കുന്ന രീതി, ക്രാഫ്റ്റ്, എന്നിങ്ങനെ വിവിധ മേഖലകളിൽ ആവശ്യമാണ്. എഴുത്തുകാരന് അനുശീലനം ആവശ്യമാണ്. ഇതേ തരത്തിലുള്ള ഒരു പുതുക്കൽ വായനക്കാരനും വേണ്ടതാണ്. അപ്പോഴാണ് പുതിയ ഒരു പരീക്ഷണത്തെ സ്വാഗതം ചെയ്യാൻ അവനു കഴിയുന്നത്. എല്ലാ വസ്തുക്കളും എല്ലാവർക്കും  വേണ്ടിയുള്ളതല്ല  എന്നത് സാഹിത്യത്തിനും ബാധകമാണ്. തന്റെ അഭിരുചിയ്ക്ക് അനുസരിച്ച ഒരു തെരഞ്ഞെടുപ്പ്  വായനക്കാരന്റെ കടമയാണ്. അങ്ങനെ വരാത്തപ്പോൾ ആണ് ക്ലാസിക്കുകൾ പോലും ചിലർക്കെങ്കിലും മോശം കൃതികൾ ആയി മാറുന്നത്. ഒരു കൃതിയും പൂർണ്ണമല്ല എന്ന് പറയാറുണ്ട്. ഓരോ വായനക്കാരനിലുമാണ് ആ കൃതികൾ പൂർണ്ണമാകുന്നത്. ഓരോരുത്തരുടെയും ഭാവനയുടെ ലോകത്താണ് ആ കൃതി ഓരോ രീതിയിൽ പൂർണ്ണത നേടുന്നത്. ഇത്തരം ഒരു കൊടുക്കൽ വാങ്ങലാണ് വായനക്കാരനും എഴുത്തുകാരനും തമ്മിൽ നിർവഹിക്കാനാവുന്നത്‌. അവിടെ എഴുത്തുകാരന് തന്റെ വായനക്കാരനെ വിരൽ പിടിച്ച് നടത്തേണ്ടതില്ല.

*  ഇഷ്ടപ്പെട്ട എഴുത്തുകാർ, കൃതി?

ഇഷ്ടപ്പെട്ട കൃതികൾ ഒരുപാടുണ്ട്.

എഴുത്തുകാരെക്കാൾ എഴുത്തിനെ ഇഷ്ടപ്പെടുന്ന ഒരാളാണ്, സോർബ , പെഡ്രോ പരമോ ഒക്കെയിഷ്ടമുള്ളവയാണ്. മലയാളത്തിൽ ഖസാക്ക്, ആയുസ്സിന്റെ പുസ്തകം, ചാവുനിലം ഒക്കെ ഇഷ്ടം. വാനിറ്റി ബാഗ്, സമ്പർക്ക ക്രാന്തി , യുവാവായിരുന്ന 9 വർഷങ്ങൾ ഒക്കെ ഇഷ്ടപ്പെട്ട നോവലുകളാണ്. കരുണാകരൻ, ടി.പി വിനോദ്,വിഷ്ണുപ്രസാദ്, അനിത തമ്പി, വി. എം. ഗിരിജ തുടങ്ങി പുതുതലമുറയിലെ രാഹുലും ആർഷയും നിധിനും ഒക്കെ ഇഷ്ട എഴുത്തുകാർ തന്നെ