കാവ്യരാഷ്ട്രീയം കഥകളിലേക്ക് കൂടുമാറുമ്പോള്‍
രാജേഷ് ചിത്തിര / ബിനീഷ് പുതുപ്പണം.
1. കവിതയിലേക്കു വരാൻ ഉണ്ടായ സാഹചര്യം,, എഴുത്ത്,,, കാവ്യ മാധ്യമത്തോടൊപ്പം കഥയും കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച്.. തുടങ്ങിയവ പറയാമോ...
കവിത സ്കൂള്‍ കാലം മുതല്‍ കൂടെ ഉണ്ടായിരുന്നു എന്നതാണ് ഓര്‍മ്മ. സ്കൂളില്‍ പഠിക്കുന്ന കാലത്ത് , എട്ടാം ക്ലാസിലാണ്, ഞങ്ങള്‍ക്ക് ഒരു കൈയ്യെഴുത്തു മാസിക ഉണ്ടായിരുന്നു. ഞങ്ങള്‍ നാലോ അഞ്ചോ പേര്‍. ഒരാള്‍ രമേശ് ആണ് അതിന്റെ ഇലസ്ട്ട്രെഷന്‍ ചെയ്തിരുന്നത്. പലരില്‍ നിന്നും കഥകളും കവിതകളും വാങ്ങി പ്രസിദ്ധീകരിച്ചു, കുറെ മാസങ്ങള്‍. ചില മാസങ്ങളില്‍ മാറ്റര്‍ ഉണ്ടാവില്ല. അപ്പൊ ഒരു ബാക്ക് അപ്പ് പ്ലാന്‍ പോലെ എഴുതി തുടങ്ങിയതാണ്. പേജ് തികയ്ക്കാന്‍. ആ കയ്യെഴുത്ത് മാസികാസംരഭം ഇന്നത്തെ കാലത്തെ ദേശ വിരുദ്ധതയ്ക്ക് തുല്യമായിരുന്നു. പിള്ളാര്‍ സ്കൂളില്‍ പോവുന്നത് പഠിക്കാന്‍ മാത്രമാണ് എന്ന് വിശ്വസിച്ചിരുന്ന ശുദ്ധാത്മാക്കള്‍ ആയിരുന്നു അദ്ധ്യാപകരും നാട്ടുകാരില്‍ കൂടുതല്‍ ആള്‍ക്കാരും. അവരുടെ ഇടയില്‍ നിരോധിത വസ്തുവിനെ പോലെ, പലപ്പോഴും അന്നൊക്കെ സ്കൂളുകളില്‍ പോലും പ്രചരിച്ചിരുന്ന മഞ്ഞപുസ്തകങ്ങളെക്കാള്‍ ഗോപ്യമായി ഞങ്ങളുടെ കയ്യെഴുത്ത് മാസിക കൈമാറ്റം ചെയ്തു പോന്നൂ. അതെ കാലത്ത് മറ്റൊരു സാഹിത്യകലാപ്രവര്‍ത്തനം നാടകം എഴുതുന്നതും അഭിനയിക്കുന്നതും ആയിരുന്നു. ടി. എം അബ്രഹാമിന്റെ പെരുന്തച്ചന്‍ ഒക്കെ അക്കാലത്താണ് ഞാനുള്‍പ്പെടുന്ന കൂട്ടം സ്റ്റേജില്‍ അവതരിപ്പിച്ചത്. എന്റെ പ്രായത്തില്‍ ഉള്ള എല്ലാവര്ക്കും പറയാവുന്ന ചില അനുഭവങ്ങള്‍, വായന ഒക്കെ ആണ് എഴുത്തിലേക്കുള്ള പാസ്സ്പോര്‍ട്ട്. അന്നൊക്കെ എഴുതിയ കവിതകള്‍ , ആ എഴുത്ത് ചിലപ്പോള്‍ അക്കാലത്ത് സ്കൂളില്‍ പഠിച്ച ചില വൃത്തങ്ങള്‍ ഒത്തു നോക്കി ഒക്കെയാണ്. അഞ്ചാം ക്ലാസില്‍ ആണ് ആദ്യമായി ഒരു വായനശാലയില്‍ അംഗം ആവുന്നത്. അന്നും അതിനു ശേഷവും വീട്ടില്‍ ഇത്തരം കാര്യങ്ങള്‍ക്ക് പൈസ ചോദിക്കാന്‍ മടി കാരണം വായനശാലയിലെ അംഗത്വം കുറെ നാളത്തെ ഒരു സ്വപ്നം ആയിരുന്നു. പത്തനംതിട്ടയുടെ ഭൂപ്രകൃതിയില്‍ എല്ലാ വീട്ടിലും ഒന്നോരണ്ടോ കശുമാവ് ഉള്ള കാലമാണ് അത്. ഒരു സീസണില്‍ കുറെ കശുവണ്ടി പെറുക്കിയെടുത്ത് ഉണക്കി തൊട്ടടുത്തുള്ള ഒരു കടയില്‍ വിറ്റ് കിട്ടിയ പൈസ അംഗത്വത്തിനു തികഞ്ഞില്ല. അന്നൊക്കെ സ്കൂള്‍ ഇടവേള സമയത്ത് ചില കുട്ടികള്‍ സംഘം ചേര്‍ന്ന് പൈസ വച്ചു ചില കളികള്‍ ഉണ്ട്. കറക്കു കമ്പനി. റബ്ബര്‍ പല ചുരുളുകള്‍ ആയി കറക്കി അതിന്റെ കേന്ദ്രം കണ്ടു പിടിക്കുക തുടങ്ങി ചിലത്. കശുവണ്ടി വിറ്റ് കിട്ടിയ പൈസ അവിടെ വച്ചു . ഭാഗ്യത്തിന് പൈസ പോയില്ല. അംഗത്വത്തിനു വേണ്ട അഞ്ചു രൂപ അങ്ങനെയാണ് കണ്ടെത്തുന്നത്. വായന ഒരു ആവേശമായി. ആറു മാസം കൊണ്ട് അന്ന് വിജ്ഞാനപോഷിണി വായനശാലയില്‍ ഉണ്ടായിരുന്ന പുസ്തകങ്ങള്‍ മൊത്തം തിന്നു തീര്‍ത്തു എന്ന് പറയുന്നത് ആവും ശരി. ചന്തയുടെ ഒരു മൂലയില്‍ റേഷന്‍ കടയോട് ചേര്‍ന്നായിരുന്നു ആ വായനശാല. അത് വായനശാലയില്‍ പോവുന്ന അവസരങ്ങളില്‍ പല തരത്തിലുള്ള ജീവിതങ്ങളിലേക്ക് ഉള്ള ജനാലയായി. ഒരു ഗ്രാമത്തിന്റെ ക്രോസ് സെക്ഷന്‍ അവിടെ കിട്ടും ; ചന്തയ്ക്കും റേഷന്‍ കടയ്ക്കും ഇടയില്‍. ഈ വന്നു പോകുന്ന ജീവിതങ്ങളുടെ ഒരു റണ്ണിങ്ങ് കമന്ററി ഉണ്ടാവും വായനശാലയിലെ യുവാക്കള്‍ക്ക് ഇടയില്‍.
അവിടെനിന്നു
അഞ്ചു പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ള പല
വായനശാലകളിലെക്കും നമ്മുടെ ഒരു അധിനിവേശമായിരുന്നു പിന്നീട്. കീഴടക്കുന്നത് പുസ്തകങ്ങളെയാണ്.
എന്നിട്ടും എങ്ങും എത്താത്ത ഒന്നായി വായന ബാക്കിയായി. ആ അനുഭവം, ആ
ഓര്‍മ്മ, അതിന്റെ
പലിശമാത്രമാണ് എഴുത്ത്, എഴുത്തിന്റെ ജൈവികത എന്ന്
തോന്നുന്നു. അതിലേറെ ഒന്നും എന്റെ
എഴുത്തില്‍ കാണില്ല. എഴുതണം എന്നോര്‍ക്കുന്ന
ചില വിഷയങ്ങള്‍, ചില സന്ദര്‍ഭങ്ങള്‍ കവിത എന്ന മാധ്യമത്തില്‍ ഒതുങ്ങില്ല
ചിലപ്പോള്‍. അപ്പോഴാണ് കവിത
വിട്ടു കഥയിലേക്ക് കൂട്
മാറുന്നത്. ബ്രഹത് ആഖ്യാനങ്ങളില്‍ നിന്നു എഴുത്ത് രൂപങ്ങള്‍, കവിത
പ്രത്യേകിച്ചും ലഘു ആഖ്യാനങ്ങളിലേക്ക് മാറുന്നത്
സ്വാഭാവികമായ ഒരു മാറ്റമാണ്, വായനയുടെയും അഭിരുചിയുടെയും ഭാവുകത്വപരിണാമത്തിന്റെയും ഒക്കെ ഒരു
പ്രതിഫലനമാണ് ഇത്. ഈ മീഡിയയുടെ സ്വാധീനവും വളരെ ഏറെയാണ് ഈ മാറ്റത്തിന് പിന്നില്‍. ബ്ലോഗ് ഒരു എഴുത്ത് പ്രതലമായി തിരിച്ചറിയപ്പെട്ട രണ്ടായിരാമാണ്ടിന്റെ ആദ്യ ദശകത്തില്‍
എഴുത്തിന്റെ പേനയില്‍ നിന്നു കീ
ബോര്‍ഡിലേക്ക് കൈപിടിച്ച്
നടത്തിയത്തിലൂടെ സാഹിത്യം കൂടുതല്‍
ജനാധിപത്യ പരവും കൂടുതല്‍
ബഹുസ്വരതയുള്ളതുമായി മാറി . ഈ ബഹുസ്വരതയിലെ പല
ഒറ്റപ്പെട്ട സ്വരങ്ങളില്‍
ഒന്നായിട്ടാണ് ഞാന്‍ എന്റെ എഴുത്തിനെ കാണുന്നത്. പൂര്‍വഭാരങ്ങള്‍ ഇല്ലാത്ത
സമകാലികതയുടെതു മാത്രമായ സ്വരം എന്ന് വിളിക്കാം അതിനെ, മറ്റു പലതിനെയും പോലെ. പുതിയ സാങ്കേതികയുടെ ,
അത്രമേല്‍ വേഗമേറിയ ജീവിത സാഹചര്യങ്ങളുടെ കാലത്ത് എഴുത്ത് കൂടുതല്‍
ഹ്രസ്വമാകാനുള്ള സാധ്യതകളില്‍,
ഒരു എഴുത്ത് കാരന്റെ സാമൂഹിക പ്രതികരണ സ്വഭാവമുള്ള എഴുത്തുകള്‍ ഒരു ട്വീറ്റ്ലോ ഫെസ്ബുക്കിലെ ഒരു
സ്റ്റാറ്റസിലോ ഒതുങ്ങുവാനുള്ള സാദ്ധ്യതകള്‍
ഏറെയുണ്ട്. എഴുത്ത് എന്നത് എഴുത്തിനു വേണ്ടിയും അവനവനു വേണ്ടിയും ഒക്കെ ആവുമ്പോള്‍ ഇത്തരം
സ്വാഭാവിക പരിണാമങ്ങള്‍ ഒരു സാധ്യതയാണ്.
ചുറ്റിലും കാണുന്നവയെ,പുറത്തേക്കു
കളയാതിനി ആവില്ലെന്ന് കലമ്പല്‍ കൂട്ടുന്ന ചില ചിന്തകളെ, അനുഭവങ്ങളെ,
പറഞ്ഞുതീര്ക്കുന്നതിനു സ്വീകരിച്ച ഏറ്റവും ലളിത മാര്‍ഗ്ഗങ്ങളില്‍ ഒന്നാണെനിക്ക്
കവിതയെഴുത്ത്. അതുപോലെ എന്റെ കവിതകള്‍ പലതും വളരെ ചെറുതാവാന്‍ കാരണം,കവിത
വളരെ കുറച്ചു വരികളില്‍ എഴുതാനാവുന്നുണ്ട്. ജന്മം കൊണ്ട് ഉഴപ്പനായ എന്നെ കഥയെഴുത്തിനു
വേണ്ടുന്ന സമയക്കൂടുതല്‍ താത്പര്യമുണ്ടെങ്കിലും കഥയെഴുതാനുള്ള ശ്രമത്തില്‍ നിന്ന് അകറ്റിനിര്‍ത്തുന്നുണ്ട്.
സന്തോഷിപ്പിക്കുവാന്‍, സന്തോഷത്തിന് ഒരു പാടു മാര്‍ഗ്ഗങ്ങള്‍,
ഉപാധികളുള്ളപ്പോഴും എഴുത്ത് ഉന്മാദത്തിലേക്കുള്ള സ്വകാര്യ യാനമാര്‍ഗ്ഗമാവുന്നു.
2.
കവിതയെ ഒരു വിനോദോപാധി എന്നതിനപ്പുറം
ഗൌരവമുള്ള സാഹിത്യ രൂപമായി കാണുന്ന കവിയാണ് താങ്കള്‍. അങ്ങനെ വരുമ്പോള്‍
താങ്കളുടെ കാവ്യ രാഷ്ട്രീയത്തെ കുറിച്ച് പറയാമോ?
മാനവികതയെ മുന്നോട്ടു
വയ്ക്കാത്ത രാഷ്ടീയത്തിന്റെ പേരിലുള്ള അസംബന്ധങ്ങള്‍ക്കു നേരെയാണ് എന്റെ രാഷ്ട്രീയ മാനമുള്ള പല കവിതകളും എന്ന്
തോന്നിയിട്ടുണ്ട്. എന്റെ രാഷ്ട്രീയ വിശ്വാസം മാനവികതയില്‍ അധിഷ്ടിതമായ സമൂഹിക സംബന്ധിയായ
ചിന്തകളിലും വീക്ഷണങ്ങളുമാണ്. അത് പലപ്പോഴും നമ്മുടെ കാലത്ത് പുശ്ചിച്ചു തള്ളുന്ന നിക്ഷ്പക്ഷത, അരാഷ്ട്രീയത എന്നിങ്ങനെ ഉള്ള പല സംജ്ഞകളുമായി ചേര്‍ന്ന് പോവുന്നുണ്ട്. ഏതിലെങ്കിലും ഒരു പ്രസ്ഥാനത്തില്‍
അമിത വിശ്വാസി അല്ലെങ്കില്‍ അനുയായി അംഗം ആവുബോള്‍ നിങ്ങള്‍ക്ക് ആ ആശയങ്ങള്‍ക്ക്
അതീതമായി മാനവികതയെ പറ്റി സംസാരിക്കാന്‍ ആവാതെ പോവും എന്ന് പറഞ്ഞത് ജെ. കൃഷ്ണമൂര്‍ത്തി ആണ്. പതിനഞ്ചോളം വര്‍ഷം മുന്‍പ്
കല്‍ക്കട്ട താമസക്കാലത്ത്, ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ കണ്ട
കാഴ്ചയുടെ ഓര്‍മ്മപ്പെടുത്തലായി എഴുതിയ പാര്‍ട്ടി ഗ്രാമം എന്നൊരു കവിതയുണ്ട് ആദ്യ
സമാഹാരമായ ഉന്മത്തതയുടെ ക്രാഷ്ലാണ്ടിന്ഗുകളില്‍. ആ കവിത.പുതിയ കാലത്ത് വായിച്ച പലര്‍ക്കും
കേരളത്തിലെ പല സ്ഥലങ്ങളുമായും അതിനെ ചേര്‍ത്തു വയ്ക്കാനായി. ഞാനേറെ ഇഷ്ടപ്പെടുന്ന,
ആരാധിക്കുന്ന കവി ശ്രീ.സച്ചിദാനന്ദന്‍ മാഷ് ആ കവിത വായിച്ചിഷ്ടപ്പെടുകയുണ്ടായി
എന്നത് വളരെ സന്തോഷം തരുന്ന ഒന്നാണ്. അക്കാലത്ത് ഒരു തുടക്കക്കാരനെ സംബന്ധിച്ചിടത്തോളം
വളരെ പ്രചോദനം തരുന്ന ഒരു അനുഭവമായിരുന്നു ആ അനുമോദനം.
3. എഴുപതുകള്‍ ശക്തമായ കവ്യപ്രതിരോധം തീര്‍ത്ത ഘട്ടമായിരുന്നു, അങ്ങിനെയൊരു പ്രതിരോധം ഇന്ന് കവിതയിലൂടെ സാധ്യമാവുമെന്നു വിശ്വസിക്കുന്നുണ്ടോ?
സമകാലിന സമൂഹിക,
സാമ്പത്തിക ക്രമത്തില്‍ ഒരു കവി, അല്ലെങ്കില്‍
കലാകാരന്‍ എഴുപതുകളിലെ പോലെ ഏതെങ്കിലും റോളില്‍ നിര്‍വചിക്കപ്പെടുമെന്ന് തോന്നുന്നില്ല.
പുതിയ കാലത്ത് കവി അല്ലെങ്കില്‍ ഒരെഴുത്തുകാരന്‍ എതെങ്കിലും തരത്തിലുള്ള സാമൂഹികമാറ്റങ്ങള്‍ക്ക്
കാരണമാകാനുള്ള സാധ്യതകള്‍ വിരളമാണ്.മാറ്റങ്ങള്‍ക്കു വേണ്ടിയുള്ള ബോധപൂര്‍ണ്ണമായ ഒരു
ശ്രമത്തില്‍ നിന്ന് കലാകാരന്മാര്‍ ഒഴിഞ്ഞു നില്‍ക്കുന്നതായി തോന്നിയിട്ടുണ്ട്. എല്ലാവരെയും
പോലെ അല്ലെങ്കില്‍ കുറച്ചു കൂടുതല്‍ വേദനിക്കുന്നവനാകാം കലാകാരന്‍ ,
എഴുത്തുകാരന്‍ ,മേല്പ്പറഞ്ഞ മലിനമാക്കപ്പെടുന്ന
പ്രകൃതിയേക്കുറിച്ചുള്ള ആകുലതകളില്‍.പ്രകൃതിയേക്കാല്‍ മലീമസമായ മനസ്സുള്ളവരായി നമ്മള്‍
മാറിക്കഴിഞ്ഞിരിക്കുന്നുവെന്നതാണ് സത്യം. തമിഴ്നാടിനെയോ, ആന്ധ്രയെ
ഒക്കെയായി താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ സമൂഹത്തില്‍ കലാകാരനുള്ള സ്ഥാനം എത്ര ചെറുതാണെന്നു
കാണാം.ഏഴുത്തും എഴുത്തുകാരനും സൈഡ് ലൈന്‍ ചെയ്യപ്പെട്ട ഒരു സമൂഹമാണ് നമ്മുടേതെന്നു
തോന്നുന്നുണ്ട്.അതു കൊണ്ടു തന്നെ ഒരു കവിയുടെ റോള്‍ നമ്മുടെ സമൂഹത്തില്‍ വിദൂഷകന്റെ
റോളീലും താഴെ അപ്രസക്തമാണെന്നാണ് എന്റെ നിരീക്ഷണം.
ഓരോ കാലത്തിന്റെയും
പ്രത്യേകതകള്‍ പോലെ, ഈ കാലത്തിന്റെ നിസ്സംഗതയില്‍ നിന്ന്
സമൂഹത്തോടൊപ്പം കലാകാര്‍ന്മാരും ഉണരുമെന്നും,മാനവികതയുടെ
പുത്തന്‍ സങ്കല്പ്പങ്ങളില്‍ തങ്ങളുടെതായ ധര്‍മ്മം നിറവേറ്റുമെന്നുമുള്ള വിശ്വാസം ബാക്കിയുണ്ട്.
എന്നാല്‍ ഏറെ വലിയ ഒരു ഇടവേളയ്ക്ക് ശേഷം ഒരുപക്ഷെ എഴുപതുകളുടെ അവസാനത്തെ ഓര്‍മ്മിപ്പിക്കുന്ന
തരത്തില്‍ ജനകീയ പ്രതിരോധങ്ങള്‍ക്ക് കവിതയെ ഉപയോഗിക്കാന്‍ വളരെ വലിയ ശ്രമങ്ങള്‍
കവികളുടെ ഭാഗത്ത് നിന്നു ഉണ്ടാവുന്നുണ്ട്. സി എസ്. രാജേഷ്, വി.എസ്. ബിന്ദു തുടങ്ങി
ഒരുപാട് പേരെ ഇത്തരം ശ്രമങ്ങളുമായി നമുക്ക് കാണാന്‍ കഴിയും അവരുടെ ഒപ്പം മുതിര്‍ന്ന
കവി കുരീപ്പുഴ ശ്രീകുമാറിന്റെ സാന്നിധ്യം ഒക്കെ വളരെ ശുഭകരമാണ്. സച്ചിമാഷിന്റെയോ ആനന്ദിന്‍റെയോ, എന്‍ എസ് മാധവന്‍റെയോ ഒക്കെ ഊര്‍ജ്ജം നമ്മുടെ ചെറുപ്പക്കാരായ എഴുത്തുകാര്‍ക്ക് അസൂയ
ഉണ്ടാക്കുന്നതാണ്.
4. ഒരു പ്രവാസി എന്ന നിലയില്‍ ഇന്ത്യയുടെ സമകാലീന അവസ്ഥയെ എങ്ങനെ നോക്കിക്കാണുന്നു. (എഴുത്ത്/കഴുത്ത്) എന്ന അവസ്ഥ.
പ്രവാസി
എന്ന വാക്കിനേക്കാള്‍ കുടിയേറ്റക്കാരന്‍ എന്ന വാക്കാണ് ഞാന്‍ എന്നെ പറ്റി പറയാന്‍
കൂടുതല്‍ ആഗ്രഹിക്കുക. പ്രത്യേകിച്ചും ഗള്‍ഫ് നാടുകളില്‍ ഉള്ള കുടിയേറ്റക്കാര്‍
പടിഞ്ഞാറന്‍ നാടുകളിലെ കുടിയേറ്റക്കാരേക്കാള്‍ അനിശ്ചിതത്വം അനുഭവിക്കുന്നവരാണ്. സാമ്പത്തിക, രാഷ്ട്രീയ,
സാമൂഹിക മാറ്റങ്ങള്‍ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നത് ഗള്‍ഫിലുള്ള
കുടിയേറ്റക്കാരെ ആണ്. ഇന്ത്യയുടെയും കേരളത്തിന്‍റെയും സാമൂഹിക, സാംസ്കാരിക അവസ്ഥയെ
പറ്റി വളരെ സൂക്ഷ്മതയോടെ നോക്കിക്കാണുന്നവര്‍’ ആണ് മലയാളികളായ കുടിയേറ്റക്കാര്‍.
പ്രശ്നങ്ങള്‍ പലപ്പോഴും ഇന്ത്യയില്‍ കോപ്പി ചെയ്യപ്പെടുന്നുണ്ട് എന്ന് തോന്നുന്നു.
ആദ്യം ഇറാനിലോ, ഈജിപ്തിലോ അല്ലെങ്കില്‍ ബംഗ്ലാദേശിലോ ആയിരുന്നു എഴുത്തിനു പകരം
എഴുതുന്നവന്റെ കഴുത്ത് എന്നൊരു അവസ്ഥ ഉണ്ടായിരുന്നു എങ്കില്‍ ഇപ്പോള്‍ അത്തരം ഒരു
അവസ്ഥ ഇന്ത്യയുടെ ഏത് ഭാഗത്തും, കേരളത്തിലും നമുക്ക് പ്രതീക്ഷിക്കാവുന്ന ഒന്നാണ്.
മൂവാറ്റുപുഴ അധ്യാപകന്റെ കൈ വെട്ടുന്നതും
പനസാരെയെ പോലെ വയോധികരായ എഴുത്തുകാരെ,
അവരുടെ ചിന്തകള്‍ക്ക് പകരം നില്‍ക്കാന്‍ കെല്‍പ്പില്ലാത്തവര്‍ കൊല ചെയ്യുന്നത്
നമ്മുടെ പതിവ് വാര്‍ത്തയാകുന്ന കാലം
വിദൂരമല്ല. പ്രതിരോധം ആവശ്യമുള്ള നേരത്താണ് നമ്മുടെ ദേശം, നമ്മുടെ രാജ്യം കടന്നു
പോവുന്നത്. സെലക്ടീവ് ആയ പ്രതികരണങ്ങളില്‍
നിന്നു ഉപരിയായി എല്ലാത്തരം ഹിംസകളെയും തള്ളിപ്പറഞ്ഞ് ആശയ സംവാദങ്ങളുടെയും
സമാധാനസഹവര്‍ത്തിത്വത്തിന്റെയും ഒരു ഭൂമിക തിരിച്ചു പിടിക്കേണ്ട ഒരു നിമിഷമാണ് നമുക്ക് മുന്നില്‍
ഉള്ളത്. അതില്‍ ഓരോ പൗരന്റെയും സാന്നിധ്യം അത്യന്താപേക്ഷിതമാണ്. ചാനല്‍ വാര്‍ത്താചര്‍ച്ചകളില്‍ പോലും സ്വസ്തികചിഹ്നം ധരിച്ച് എത്തുന്നവരെ ഒറ്റപ്പെടുത്തെണ്ട സമയം
അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.
5. കാവ്യയാത്രകള്‍.
വ്യത്യസ്തങ്ങളായ
ജീവിതാനുനുഭവങ്ങള്‍, അതും ഒരു വളരെ ചെറിയ കാലയളവില്‍
ജീവിച്ചു തീര്‍ത്ത ഒരാള്‍ എന്നാണു സ്വയം
കരുതുന്നത് . അത് കവിതയ്ക്ക് വേണ്ടിയുള്ള യാത്രകള്‍
ആയിരുന്നില്ല എന്ന് മാത്രം.ചെന്നെത്തിയ ഓരോ ഇടത്തും ആ ഇടത്തെ ജീവിതങ്ങളുമായി ചേര്‍ന്ന്
നിന്നു ജീവിതത്തെ അനുഭവിക്കുകയായിരുന്നു. വളരെ
വ്യത്യസ്തവും വൈവിധ്യവുമായ അത്തരം കാഴ്ചകള്‍ ഒരു അവസരം വീണുകിട്ടുമ്പോള്‍ ഉള്ളില്‍
നിന്നു രക്ഷപെടാന്‍ ശ്രമിക്കുന്നതാവാം കവിതകളിലൂടെ എന്ന് തോന്നുന്നു. പലപ്പോഴും ഒട്ടും
ബോധപൂര്‍വ്വമല്ലാതെ അവ സ്വയം വന്നു ചേരുന്നതാണ്. ഒരുത്സവ ഘോഷയാത്രക്ക് പല നാട്ടില്‍
നിന്നുള്ള ആള്‍ക്കാര്‍ അറിഞ്ഞോ, അറിയാതെയോ വന്നുചേരും പോലെ അല്ലെങ്കില്‍
പല ദിക്കിലേക്ക് പോകാനുള്ളവര്‍ ഒരു ബസ്സില്‍ കുറേ നേരം ഒരുമിച്ച് സഞ്ചരിക്കുന്ന പോലെയാണെന്നു
തോന്നുന്നു ഈ ബോധപൂര്‍വ്വമല്ലാത്ത കൂടിച്ചേരല്‍. പിന്നിട്ട ജീവിതത്തിന്റെ പാതിയിലധികം
കവര്‍ന്നെടുത്ത കുടിയേറ്റം തന്ന കാഴ്ചകളാണ്
പല കവിതകളുടെയും ബിംബസമൃദ്ധിയുടെ ഒരു കാരണം. പലപ്പോഴും യാത്രകള്‍ ഉള്ളിലേക്ക്
നിറയുകയാണ് ചെയ്യുക; കാഴ്ചയായും കേള്‍വിയായും
അത് ഉള്ളിലേക്ക് ഇറങ്ങുന്നു. സാങ്കേതിക വിദ്യയുടെയും അംബരചുംബികളായ
നിര്‍മ്മാണ വിസ്മയങ്ങളുടെയും ഒരു ലോകത്ത് നിന്നു ഇടയ്ക്ക് എങ്കിലും ഒരു അവധൂതന്റെ സഞ്ചാരമാണ്
സ്വപ്നം കാണുന്നത്. ഇടയ്ക്ക് അങ്ങനെ ചിലത്
വീണു കിട്ടുന്നുണ്ട്.
6. സമാഹാരത്തിന്റെ ശീര്‍ഷകത്തില്‍ ആവോളം പുതുമ സൃഷ്ടിക്കാന്‍ ചിത്തിരയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഉളിപ്പെച്ച് തന്നെ ഉദാഹരണം. വ്യത്യസ്ഥമായ ശീര്‍ഷകങ്ങള്‍ രൂപപ്പെടുത്തുന്നതിനെ കുറിച്ച്?
“ഉന്മത്തതകളുടെ
ക്രാഷ് ലാന്റിങ്ങുകള്‍ “ എന്നായിരുന്നു
ആദ്യത്തെ സമാഹാരത്തിന്റെ പേര്. നൈമന്ഷികമായ ഉന്മാദങ്ങളുടെ ഇടിച്ചിറക്കലുകള്‍ക്ക് ,
ഒരാളിലെക്കുള്ള അവയുടെ ആവേശത്തിന് ക്രാഷ് ലാന്‍ഡ് എന്നല്ലാതെ മറ്റൊരു പേര് ചേരില്ല എന്ന്
തോന്നിയത് കൊണ്ടാണ് അങ്ങനെ ഒരു പേരിട്ടത്. രണ്ടാമത്തെ പുസ്തകത്തിന്റെ പേര് “ടെക്വീല
– ചെറുതുകളുടെ കടലുന്മാദം” അത്
മലയാളത്തിലും ഇംഗ്ലിഷിലുമായി അന്‍പത് ചെറിയ കവിതകളുടെ സമാഹാരം ആയിരുന്നു. ഷോട്ട് എന്നൊ ഷോര്‍ട്ട് എന്നോ വായിക്കുന്ന ഒരാളിലേക്ക് മിന്നല്‍
അനുഭവങ്ങള്‍ ആവുക എന്നായിരുന്നു ആ സമാഹാരത്തിന്റെ ടാഗ് ലൈന്‍. മൂന്നാമത്തെ പുസ്തകം
വരുമ്പോള്‍ ഇതിന്റെ ശീര്‍ഷകത്തില്‍ ഒരു ഇംഗ്ലീഷ് വാക്കും ഉണ്ടാകരുത് എന്നോര്‍ത്തു. അങ്ങനെയാണ്
ഉളിപ്പേച്ച് എന്ന കവിത പുസ്തകത്തിന്‍റെയും
പേര് ആവുന്നത്. ഉളിയുടെ പേച്ച്. തമിഴ് നാട്ടുകാരായ സുഹൃത്തുക്കളില്‍ നിന്നാണ്
ആദ്യം പേച്ച് എന്ന വാക്ക് കേള്‍ക്കുന്നത്. അത് പിന്നീട് പുനലൂര്‍ ഭാഗത്തൊക്കെ പലരും പറയുന്നത് കേട്ടു.
കവിത എഴുതി വന്നപ്പോള്‍ അത് ഒരു ആശാരി പറയുന്നത് ആണ്. അയാളുടെ വാക്കിന്റെ,
വേദനയുടെ ഉളി മൂര്‍ച്ചയാണ് അയാളുടെ പേച്ചില്‍ ഉള്ളത്. അങ്ങനെ ശീര്‍ഷകം
ഉളിപ്പേച്ചായി. ബാക്കിയുള്ള പല ശീര്‍ഷകങ്ങളുടെയും വഴികള്‍ ഇങ്ങനെ ഒക്കെയാണ്.
കവിതയിലേക്കുള്ള പാലം ആവരുത് പേര് എന്ന് തോന്നാറുണ്ട്. അങ്ങനെ ആവുമ്പോള്‍
വായനയ്ക്ക് ഒരു മുന്‍വിധി വന്നേക്കാം. അങ്ങനെയാണ് ടെക്വീലയിലെ കവിതകള്‍ക്ക് ശീര്‍ഷകം
കൊടുക്കാഞ്ഞത്. ഉളിപ്പേചിലെയും പല കവിതകളുടെയും ശീര്‍ഷകങ്ങള്‍ ഒരു ഒറ്റവരി
കവിതയാവാന്‍ ഉള്ള കാരണവും ഇങ്ങനെ ചില സങ്കല്പങ്ങള്‍ ആണ്.
7. താങ്കളുടെ ആദ്യ കഥാസമാഹാരം “ജിഗ്സ പസ്സല്‍ “ അടുത്തിടെയാണ് പുറത്തുവന്നത്. നേരത്തെ ഇതേ പേരിലുള്ള കഥ ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ വായിച്ച ഓര്‍മ്മയുണ്ട്. എന്താണ് / എന്ത് കൊണ്ടാണ് കവിതയില്‍ നിന്ന് കഥയിലേക്ക് ഒരു മാറ്റം ?
എന്റെ
ആദ്യമായി ഒരു ആനുകാലികത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട കഥ “ഭയോപനിഷത്ത് “ എന്നതാണ്. ഓര്‍മ്മയിലുള്ള ജനാധിപത്യപ്രക്രിയകളില്‍
ഏറ്റവും ഭീതി പരത്തിയ ഒന്നിന്റെ മൂര്‍ദ്ധന്ന്യാവസ്ഥയില്‍ ഒരു ജനത അവരിലെ ന്യൂനപക്ഷമെന്ന
ഭൂരിപക്ഷം തിരഞ്ഞെടുത്ത ഒരു നേതാവിനെ അല്ലെങ്കില്‍ ഒരു ഭരണകൂടത്തെ ഭയന്ന്‍
ജീവിക്കുന്ന കാലത്തെക്കുറിച്ച് ഓര്‍ക്കുകയായിരുന്നു ദൂരെ ഒരിടത്തിരുന്ന ഞാന്‍;
മറ്റൊരു പൌരന്‍. മനുഷ്യന്റെ ഭയങ്ങളും പൌരന്റെ ഭയങ്ങളും തമ്മിലുള്ള വ്യത്യാസത്തെ
പറ്റി. മനുഷ്യന്റെ ആഴം കുറഞ്ഞതും പൌരന്റെ ആഴമേറിയതും അനന്തവുമായ ഭയങ്ങളെ പറ്റി. ഏറെ
മുന്നേ ആനന്ദും ഓ.വി വിജയനുമൊക്കെ പറഞ്ഞു പോയ ഭരണകൂടനിര്‍മ്മിതിയായ ഭയങ്ങളെ,
മനുഷ്യന്റെ നിസ്സഹായതാവസ്ഥകളെ കുറിച്ചൊക്കെ വായിച്ചത് ഓര്‍ത്തു. അങ്ങനെയാണ് ജലം
ഒരു ബിംബമായി, സാമ്രാജ്യത്വ-ഫാസിസത്തിന്റെ ഭയരൂപമായി ജലം വരുന്നതും ആദ്യ കഥ
ഭയോപനിഷത് വരുന്നതും.
പിന്നീടാണ്
പല കാലങ്ങളില്‍ പല മീഡിയകളില്‍ എഴുതിയ പതിമൂന്നു കഥകളുടെ പുസ്തകമായി ജിഗ്സ പസ്സല്‍
വരുന്നത്. ഒരാളുടെ ഓര്‍മ്മ ജിഗ്സ പസ്സലാണ്. മറവികളില്‍ ഒളിക്കാതെ നില്‍ക്കുന്ന ഓര്‍മ്മയുടെ
പല പസ്സലുകളെ ചേര്‍ത്ത് വയ്ക്കുമ്പോഴാണ് ഒരാളുടെ ജീവിതം പൂര്‍ണ്ണമാവുന്നത്.
നാനാത്വം നഷ്ടമായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന കാല ലോകക്രമത്തില്‍ നാനാത്വം ഒരു
ജിഗ്സായിലെ പസ്സലുകളാണ്. ഫാസിസവും ഏകാധിപത്യവും വാഴുന്ന സമൂഹത്തില്‍ ഏറ്റവും കൂടുതല്‍
ഭീകരത സഹിക്കേണ്ടി വരിക സ്ത്രീകളാണ്. അത്തരം ഒരു സ്ത്രീയെപ്പറ്റി, അവളുടെ അതിര്‍ത്തി
കടന്നുള്ള സഞ്ചാരവും പിടിക്കപ്പെട്ടുള്ള തിരിച്ചു വരവുമാണ് ജിഗ്സ പസ്സലിന്റെ
ഇതിവൃത്തം. അവളെക്കുറിച്ചുള്ള ഓര്‍മ്മ തിരികെ പിടിക്കാനുള്ള മറവിക്കാരനായ ഒരു
കാവല്‍ക്കാരന്റെ ശ്രമമാണ്, അയാളുടെ ഓര്‍മ്മകളുടെ ജിഗ്സകളെ ചേര്‍ത്ത് വയ്ക്കാനുള്ള
വിഫലശ്രമവും കൂടിയാണ് അത്. ചന്ദ്രിക വാരികയിലായിരുന്നു ജിഗ്സ പസ്സല്‍ വെളിച്ചം
കണ്ടത്.
കുടിയേറ്റക്കാരന്റെ
രാഷ്ട്രീയ ജാഗ്രതയെ പറ്റി പറയുമ്പോള്‍ ഉദാഹരണമായി വരിക മലയാളികളാണ്. വേറിട്ട ഒരു
രാഷ്ട്രീയ സംസ്കാരത്തിന്റെ അടയാളങ്ങളായാണ് അവരെ പരിഗണിക്കുക. അത്തരമൊരു രാഷ്ട്രീയ
ജാഗ്രതയാവണം എഴുത്തും എന്ന തിരിച്ചറിവില്‍ നിന്നാണ് ജിഗ്സ പസ്സലിലെ പല കഥകളുടെയും
പിറവി. ഇറാനിലെ പെണ്‍കുട്ടികളുടെ മുടി മുറിച്ചുള്ള പ്രക്ഷോഭത്തിന്റെ ഭാവനയാണ് 18
TIR എന്ന കഥ.
ഒരാളുടെ
ഭാവനയും ഭാഷയും അയാള്‍ ജീവിക്കുന്ന ഇടത്തോട് കടം പറയുന്നു എന്ന് വായിച്ച ഓര്‍മ്മയുണ്ട്.
ഈ കഥകളില്‍ ചിലതിനെങ്കിലും ആ ഓര്‍മ്മയോട് കടം പറയാനുണ്ട്. ഒരു കഥയെന്നാല്‍ ഒരു കഥ
മാത്രമല്ലെന്ന കാഫ്കയുടെ വരികള്‍ ഓര്‍ക്കുന്നുണ്ട്. എനിക്ക് പറയാനുള്ള ചിലത്
പറയാനുള്ള മാധ്യമമാണ് കഥ. കവിതയില്‍ ഒതുങ്ങാത്ത ചിലതാണ് കഥയിലേക്ക് രൂപമാറ്റം ചെയ്യുന്നത്.
നിഹാരിക എന്ന പ്ലസ് വണ്‍ വിദ്യാര്‍ഥി വരച്ച പതിമൂന്നു ചിത്രങ്ങള്‍ ഈ കഥകള്‍ക്ക്
കൂട്ടായുണ്ട്. പി ജെ ജെ ആന്റണി, വി എന്‍ നിധിന്‍ എന്നിവരുടെ കുറിപ്പുകളും കഥകള്‍ക്ക്
ഒപ്പമുണ്ട്. കഥകളെ പറ്റിയുള്ള ആദിമധ്യാന്തപൊരുത്ത മുന്‍വിധികള്‍ ഒരു പക്ഷെ ഈ
കഥകളില്‍ ഉണ്ടായി എന്ന് വരില്ല എന്ന് കഥാകാരന്‍ പി ജെ ജെ പറയുന്നത് വാസ്തവമാണ്.