
ധ്യാനത്തിന്റെ ഏകാത്വ,നാനാത്വങ്ങള്‍
നന്നേ ചുവന്ന ഒരു സന്ധ്യയ്ക്ക് 
പരസ്പരം നോക്കിയിരിക്കുന്നു.
പശു എന്നെയും ഞാന്‍ പശുവിനെയും.
നോക്കുന്നു, 
ഞങ്ങള്‍ നോക്കിനോക്കി ഇരിക്കുന്നു.
അതേ നേരം, 
ശബ്ദങ്ങള്‍ നേരത്തെ തന്നെ പടിയിറങ്ങിപ്പോയ
വീടിന്റെ ഉച്ചിയിലേക്ക് സൂര്യന്‍ ഇരുട്ട് കോരി നിറയ്ക്കുന്നു
നോക്കി നോക്കി ഇരിക്കെ 
പശു എവിടെയോ മറന്നു വച്ച
മന്ത്രങ്ങള്‍ തിരിച്ചെടുത്തു.
അത് ധ്യാനത്തിന്റെ ചില്ലകളിലേക്ക് തലയാട്ടി.
അക്ഷമ നിമിഷ സൂചി പോലെ എന്നെ ചുറ്റുന്നു.
പയ്യേ, പയ്യേ
നീയെന്താണിങ്ങനെ ചിന്തിച്ചുകൂട്ടുന്നത്? 
പയ്യ്  തലയാട്ടി.
ഉപേക്ഷിച്ചു പോന്നവയെ ഓര്‍ത്തെടുക്കുന്നു
ഒന്നാം ചലനത്തില്‍ പച്ചപ്പിനെ,
രണ്ടാം ചലനത്തില്‍ നനവിനെ
മൂന്നാം ചലനത്തില്‍  ഉണക്കിനെ
പശു ധ്യാനത്തിലേക്ക് വാലോടിച്ചു.
മന്ത്രോച്ചാരണം തുടരുന്നു.
അക്ഷമ എന്റെയുള്ളിലെ കൊടും വേനലായി.
പയ്യേ, പയ്യേ നീയെന്താണ് ഒന്നുറക്കെ  കരയാത്തത് ?
ധ്യാനത്തിന്റെ നൂലേണിയില്‍ നിന്ന് പശു
എനിക്ക് നേരെ കാതുകൂര്‍പ്പിച്ചു.
മുറിവുകളില്‍ നിന്ന് ഒരു കാക്കയോട്
നനയാതെ നനയാതെ,യെന്നത് ചെവി കൊട്ടി.
അതിന്റെ ഉടലില്‍ നിന്ന് ഉപേക്ഷിക്കപ്പെട്ടൊരു
തൊഴുത്ത് ചോര്‍ന്നൊലിച്ചു ഒഴുകിപോയിത്തുടങ്ങി. 
അതിന്റെ ഉടല്‍ നനവില്‍ എനിക്ക് പനിപിടിക്കുന്നു.
എന്റെ വിറയല്‍ പ്രയാണസൂചികള്‍ ആയി മൂര്‍ച്ഛിക്കപ്പെട്ടൂ.
പയ്യേ, പയ്യേ നീയെന്താണ് അതിരുകളോളമെങ്കിലും ഓടിപ്പോവാത്തത്? 
വലിക്കും തോറും മുറുകുന്ന ഒരു കയറെന്നു
പശു കഴുത്ത് തിരിച്ചു .
കുളമ്പുകള്‍ കൊണ്ട് മറന്നു വച്ച തീയതികളുടെ
ഒച്ച മാന്തിയെടുത്തു തുടങ്ങി. 
അതിന്റെ അകിടുകള്‍ ഒരു കിടാവിന്റെ
നെറ്റിമുട്ടലുകളില്‍ ചുരുങ്ങിച്ചുരുങ്ങി പോയി. 
ചുരമാന്തലില്‍ അതിന്റെ അകിടുകള്‍
വീര്‍ത്തു  പൊന്തിവന്നു കൊണ്ടിരുന്നു..
പശു മെല്ലെ ധ്യാനത്തിലേക്ക് മിഴിയടച്ചു. 
മൌനം ഞങ്ങള്‍ക്കിടയില്‍ ധ്യാനത്തിന്റെ ആകാശമായി.
ഇരുട്ട് അതിന്റെ വലിയ പുടവകൊണ്ട്
ആ ആകാശത്തെയും ഞങ്ങളെയും പുതപ്പിച്ചു കഴിഞ്ഞിരുന്നു.
പശു അതിന്റെ കണ്ണുകളില്‍ നിന്ന് 
ഒരു പുഴയുടെ ഓര്‍മ്മയെ ഒഴുക്കി വിട്ടു.
ആ പുഴ ഒരിക്കലും വറ്റിയിട്ടേയില്ലായിരുന്നു.
അതിന്റെ നനവ് എന്റെ ഉപ്പുറ്റികളെ
മൃതശൈത്യത്തിന്റെ വേരുകളിലേക്ക് കുരുക്കി.
അത്  കുടിച്ചു തീര്‍ത്ത  പുഴകളെ,
ചവച്ചു തീര്‍ത്ത കാടുകളെ തിരിച്ചു തരുന്നു.
പശു തന്നോടുതന്നെയെന്നപോലെ 
എന്റെ കാതിലേക്ക് തന്റെ മുഖം ചേര്‍ത്തു; എന്നെ പിന്തുടരൂ.
ഒന്നാം തുള്ളിയില്‍ നിന്ന് മഴ ഭൂമിയിലേക്ക് ഇറങ്ങിവന്നു.
മഴത്തുള്ളികള്‍ പശുവിന്റെ കണ്ണുകളില്‍
മേഘങ്ങളായി ഉറഞ്ഞു തുടങ്ങി.
പെയ്തു തോരാത്ത ഒരു മേഘമെന്നു
അതിന്റെ ഉടല്‍ എന്നെ ചൂഴ്ന്നു നിന്നൂ.
ഒരാള്‍ ഗോബുദ്ധനാവുന്നത്.. 
മഴ പെയ്തു തോര്‍ന്ന ഭൂമിയില്‍
ആയിരം ഇതളുകളില്‍ കാതുകളും
അതിലേറെ ഇതളുകളില്‍ കണ്ണുകളും
അതിലേറെയേറെ ഇതളുകളില്‍ നാവുകളും
ബന്ധിക്കപ്പെട്ട ഒരു മരമായ് ഞാന്‍ നില്ക്കു ന്നു.
ബന്ധനങ്ങളില്‍ നിന്നകന്നു പോവുന്ന
നിഴലുകളില്‍ നിന്ന് എന്റെ  തന്നെ 
ഏകത്വനാനാത്വങ്ങള്‍
ജ്ഞാനത്തെ കണ്ടെടുക്കുന്നു.
 
         Rajesh Chithira
                                                Rajesh Chithira                                             23 March 2023
                                                23 March 2023